അതിവേഗ ലൈൻ ഉപയോഗം; 8000 ഡെലിവറി റൈഡർമാർക്ക് പിഴ
text_fieldsദുബൈ: പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയ അതിവേഗ ലൈനുകൾ ഉപയോഗിച്ച ഡെലിവറി റൈഡർമാർക്ക് ദുബൈ പൊലീസ് പിഴ ചുമത്തി. 8152 പേർക്കാണ് ഈ മാസം പിഴ ചുമത്തിയത്. നിയമലംഘകർക്ക് 500 ദിർഹമാണ് പിഴ ചുമത്തുക. നവംബർ ഒന്ന് മുതൽ ഇടതുലൈനുകളിൽ ഡെലിവറി ഡ്രൈവർമാർക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. അഞ്ചോ അതിലധികമോ ലൈനുകളുള്ള വീതികൂടിയ റോഡുകളിലെ രണ്ട് ഇടത് ലൈനുകളും മൂന്നോ നാലോ ലൈനുകളുള്ള റോഡുകളിലെ ഒരു ഇടതു ലൈനും ഉപയോഗിക്കരുതെന്നാണ് നിർദേശം. രണ്ടുവരിയോ അതിൽ കുറവോ ലൈനുകളുള്ള റോഡുകളിൽ റൈഡർമാർക്ക് ഇരുവശവും സ്വതന്ത്രമായി ഉപയോഗിക്കാമെന്ന് ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു. അതിവേഗ പാതകളിൽ ഇടതുലൈനുകൾ ഉപയോഗിക്കുന്ന ഡെലിവറി റൈഡർമാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലായിരുന്നു തീരുമാനം. ദുബൈക്ക് പിന്നാലെ അബൂദബി, അജ്മാൻ, ഷാർജ എമിറേറ്റുകളിലും ഇടതുലൈനുകളിൽ ഡെലിവറി റൈഡർമാർക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു.
അതിവേഗ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം സൂചിപ്പിക്കുന്ന സൈൻ ബോർഡുകളും ആർ.ടി.എ സ്ഥാപിച്ചിട്ടുണ്ട്. ഹെവി വാഹനങ്ങൾ, ട്രക്കുകൾ എന്നിവക്ക് നിരോധനമുള്ള ഇടങ്ങളിലും പ്രത്യേക സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ലൈനുകൾ പാലിക്കുന്നതിനായി ഡെലിവറി കമ്പനികളുമായി കൈകോർത്ത് വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് അവബോധ കാമ്പയിനുകൾ തുടരുകയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.
അതിവേഗ പാതകളിൽ ഇടതുലൈനുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ബോധവത്കരണ കാമ്പയ്നുകൾ തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ചില റൈഡർമാർ നിയമം ലംഘിക്കുന്നതായും ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

