Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമവിരുദ്ധ മാറ്റങ്ങളും ശബ്ദവും 7,735 വാഹനങ്ങൾക്ക് പിഴ

text_fields
bookmark_border
1,630 വാഹനങ്ങൾ പിടിച്ചെടുത്തു
നിയമവിരുദ്ധ മാറ്റങ്ങളും ശബ്ദവും 7,735 വാഹനങ്ങൾക്ക് പിഴ
cancel

ദുബൈ: വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുകയും അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത സംഭവങ്ങളിൽ 2026ലെ ആദ്യ ഒമ്പത് മാസത്തിനിടെ 7,735 വാഹന ഉടമകൾക്ക്​ പിഴ ചുമത്തുകയും 1,630 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. താമസക്കാരുടെ സമാധാനം ഉറപ്പാക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനുമായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം നടപ്പാക്കിവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണിത്​.

അമിത ശബ്ദമുണ്ടാക്കിയതിന് 2,045 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 333 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ എഞ്ചിനിലോ ചേസിസിലോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയതിന് 5,690 ലംഘനങ്ങൾ കണ്ടെത്തി. ഇത്തരത്തിലുള്ള 1,297 വാഹനങ്ങൾ പിടിച്ചെടുത്തു. ജനവാസ മേഖലകളിൽ രാത്രികാലങ്ങളിൽ അമിത ശബ്ദമുണ്ടാക്കുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കുകയും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്​മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു.

യു.എ.ഇ ട്രാഫിക് നിയമപ്രകാരം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റുകളുമാണ് ശിക്ഷ. വാഹനം അനധികൃതമായി മോഡിഫൈ ചെയ്താൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. 2023ലെ ഡിക്രി നമ്പർ 30 അനുസരിച്ച് ലംഘനത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വാഹനം വിട്ടുനൽകുന്നതിന് അധിക തുകയും അടക്കേണ്ടി വരും.

റോഡുകളിലെ ശബ്ദമലിനീകരണവും നിയമലംഘനങ്ങളും വേഗത്തിൽ കണ്ടെത്താനായി ശബ്ദം അളക്കുന്ന അത്യാധുനിക സ്മാർട്ട് ഉപകരണങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ദുബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നവരെ കൃത്യമായി കണ്ടെത്തും. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളിൽ നിന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിങ്ങിൽ നിന്നും മാറിനിൽക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ട്രാഫിക് സുരക്ഷാ വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായി www.amanroads.gov.ae എന്ന ‘അമാൻ റോഡ്സ്’ പോർട്ടൽ സന്ദർശിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7,735 vehicles fined for illegal modifications and noise
Next Story