77 കിലോമീറ്റർ നീളത്തിൽ ഡ്രൈനേജ് ശൃംഖല, രണ്ട് തുരങ്കപാത; ഫുജൈറയിൽ ഉൾറോഡുകൾ വികസിപ്പിക്കുന്നു
text_fieldsഫുജൈറ: എമിറേറ്റിലെ നിരവധി ഉൾറോഡുകൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന് തുടക്കം. 31 കിലോമീറ്റർ നീളമുള്ള വികസന പദ്ധതിയിൽ ദിബ്ബ അൽ ഫുജൈറ, അൽ ഹൈൽ, ഖറാത്ത്, ഖിദ്ഫ, വാദി അൽ സിദ്ർ, സെയ്ജി, തുബാൻ, ഹബാബ്, അൽ ഖരിയ, വാദി സഹം, അൽ ഫർഫാർ, ഔഹാല എന്നീ ഇടറോഡുകളാണ് ഉൾപ്പെടുന്നത്.
പദ്ധതിക്ക് കീഴിൽ 77 കിലോമീറ്റർ നീളത്തിൽ ഡ്രൈനേജ് ശൃംഖലയും നിർമിക്കുമെന്ന് ഫുജൈറ പൊതുമരാമത്ത്, കാർഷിക ഡിപാർട്ട്മെന്റ് വകുപ്പ് ഡയറക്ടർ സലിം മുഹമ്മദ് അലി അൽ മക്സാ പറഞ്ഞു. രണ്ട് തുരങ്കപാതയാണ് പദ്ധതിയിലൂടെ നിർമിക്കുക. അൽ ശരിയയിൽ 1.2 കിലോമീറ്റർ നീളത്തിലുള്ള ഒരു തുരങ്കവും ശൈഖ് ഖലീഫ ജനറൽ ആശുപത്രിയുടെ മുൻവശത്ത് 1.4 കിലോമീറ്റർ നീളത്തിലുള്ള മറ്റൊരു തുരങ്കവുമാണ് നിർമിക്കുന്നത്.
കൂടാതെ ശൈഖ് സായിദ് റോഡിലും അൽ ഖുർഫ റോഡുകളിലും വെളിച്ച സംവിധാനങ്ങൾ, സൈൻ ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ, സൈഡ് പാർക്കിങ് ഇടങ്ങൾ, കാൽനട ക്രോസിങ്, കോർണിഷുകളിൽ ട്രാഫിക് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ നിർദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

