എമിറേറ്റ്സ് റോഡ് വികസിപ്പിക്കാൻ 75 കോടിയുടെ പദ്ധതി
text_fieldsദുബൈ: രാജ്യത്തെ ഏറ്റവും പ്രധാന റോഡ് ശൃംഖലയായ എമിറേറ്റ്സ് റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം. അൽ ബാദി ഇന്റർസെക്ഷൻ മുതൽ ഉമ്മുൽഖുവൈൻ വരെ 25 കിലോമീറ്റർ നീളം വരുന്ന വികസന പ്രവർത്തനങ്ങൾക്ക് 75 കോടി ദിർഹമാണ് ആകെ ചെലവ്. ഈ വർഷം സെപ്റ്റംബറിൽ പ്രവൃത്തി ആരംഭിക്കും.
റോഡുകളുടെ ശേഷി വർധിപ്പിക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, യാത്രാസമയം 45 ശതമാനം വരെ കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുളളിൽ പൂർത്തീകരിക്കും. റാസൽഖൈമയിൽനിന്ന് ഉമ്മുൽഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ യാത്രാസമയം വലിയ തോതിൽ കുറക്കുന്നതിന് പദ്ധതി സഹായിക്കും. മൊത്തം 12.6 കിലോമീറ്റർ നീളത്തിൽ ആറ് മേൽപാലങ്ങൾ, ഇരു ദിശയിലേക്കും 3.4 കിലോമീറ്റർ നീളത്തിൽ കലക്ടർ റോഡുകൾ, 70 കിലോമീറ്റർ നീളത്തിൽ പുതിയ ട്രാഫിക് ലൈനുകൾ എന്നിവയാണ് പദ്ധതിയിലൂടെ നിർമിക്കുക.
25 കിലോമീറ്റർ നീളത്തിൽ ഇരു ദിശയിലേക്കും റോഡിന്റെ വീതി അഞ്ചുവരിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 9,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്ക് കഴിയും. ഇതുവഴി ഗതാഗതക്കുരുക്ക് വലിയ തോതിൽ ലഘൂകരിക്കാനാവും. ഫെഡറൽ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനുമായി പ്രഖ്യാപിച്ച യു.എ.ഇയുടെ ദേശീയ പദ്ധതിയുടെ ഭാഗമാണ് വികസനം. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുടെ ജനസംഖ്യയുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മികച്ച ഗതാഗത കാര്യക്ഷമത, ഗുണനിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട്, രൂപകൽപനയിലും നിർവഹണത്തിലും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗതക്കുരുക്കിന് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരം വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

