Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ 735...

ദുബൈയിൽ 735 ഇലക്​ട്രിക്​ ബസുകൾ കൂടി എത്തുന്നു

text_fields
bookmark_border
ദുബൈയിൽ 735 ഇലക്​ട്രിക്​ ബസുകൾ കൂടി എത്തുന്നു
cancel

ദുബൈ: പൊതുഗതാഗത രംഗം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിൽ കൂടുതൽ ഇലക്​ട്രിക്​ ബസുകൾ നിരത്തിലേക്ക് എത്തുന്നു​. ഈ വർഷം 735 ഇലക്​ട്രിക്​ ബസുകൾ കൂടി പുറത്തിറക്കുമെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചു. 2026 അവസാനത്തോടെ ഘട്ടം ഘട്ടമായി ഇ-ബസുകൾ എത്തിക്കാനാണ്​ പദ്ധതി.

എമിറേറ്റിലെ പൊതുഗതാഗത രംഗത്ത്​ ഇലക്​ട്രിക്​ ബസുകളുടെ ശേഷി വർധിപ്പിക്കുന്നതിനായി നടക്കുന്ന ഏറ്റവും വലിയ ഇടപാടാണ്​ ഇതെന്ന്​ ആർ.ടി.എ അറിയിച്ചു. കൂടുതൽ ഇലക്​ട്രിക്​ ബസുകൾ എത്തുന്നതിന്‍റെ ഭാഗമായി അഞ്ച്​ പ്രധാന ഡിപ്പോകളിൽ ഇലക്​ട്രിക്​ ചാർജിങ്​ യൂനിറ്റുകളുടെ നിർമാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു​. അൽ ഖൂസ്​, അൽ റുവയ്യാ, ലബാബ്​, ബിസിനസ്​ ബേ, ജബൽ അലി തുടങ്ങിയ ഡിപ്പോകളിലാണ്​ 360 കിലോവാട്ടിന്‍റെ ഉയർന്ന ചാർജിങ്​ ശേഷിയുള്ള 32 ചാർജറുകൾ സ്ഥാപിച്ചിരിക്കുന്നത്​.

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നിലവിൽ 40 ഇലക്​ട്രിക്​ ബസുകൾ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ ഹൈഡ്രജൻ വാതകത്തിൽ ഓടുന്ന ബസുകളും സർവിസ്​ നടത്തിവരുന്നു. പുതിയ ഇലക്​ട്രിക്​ ബസുകളിൽ ഒന്ന്​ റൂട്ട്​ എഫ്​13ൽ അവതരിപ്പിച്ചിട്ടുമുണ്ട്​. ഒറ്റ ചാർജിൽ 370 കിലോമീറ്റർ മൈലേജ്​ ലഭിക്കുന്ന 470 കിലോവാട്ട്​ ഹവർ ബാറ്ററിയാണ്​ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്​. ബസിനകത്തെ ശീതീകരണ സംവിധാനത്തിന്‍റെ കാര്യക്ഷമതയും യാത്രക്കാരുടെ സൗകര്യത്തിനും പ്രത്യേക പരിഗണ നൽകിയതായും ആർ.ടി.എ വ്യക്​തമാക്കി.

സാ​ങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇലക്​ട്രിക്​ ബസിലെ ബാറ്ററി ശേഷി, ചാർജിങ്​ സമയം, ഊർജ ഉപഭോഗം, മൊത്തത്തിലുള്ള കാര്യക്ഷമത, ശബ്​ദ നിലവാരം, കാർബൺ പുറന്തള്ളൽ എന്നിവയുടെ വിലയിരുത്തലുകളും നടത്തിയിരുന്നു. ചെറു, ഇടത്തരം നഗര യാത്രകൾക്ക്​ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മികച്ച പ്രകടനമാണ്​ ഇലക്​ട്രിക്​ ബസുകൾ നടത്തിയത്​. ഡ്രൈവർമാർക്കും യാത്രക്കാർക്കുമിടയിൽ ബസിന്‍റെ സംതൃപ്തി നിരക്ക്​ 95 ശതമാനത്തിന്​ മുകളിലാണെന്നും കണ്ടെത്തി​.

മികച്ച കാര്യക്ഷമതയുള്ളതും കുറഞ്ഞ കാർബൺ പുറന്തള്ളുന്നതുമായ നൂതന ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ്​ കൂടുതൽ ഇലക്​ട്രിക്​ ബസുകൾ നിരത്തിലിറക്കുന്നതെന്ന്​ ആർ.ടി.എയുടെ പബ്ലിക്​ ട്രാൻസ്​പോർട്ട്​ ഏജൻസി ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. 2024ലിനെ അപേക്ഷിച്ച്​ കഴിഞ്ഞ വർഷം ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളലിൽ 12 ശതമാനത്തിന്‍റെ കുറവാണ്​ എമിറേറ്റിൽ രേഖപ്പെടുത്തിയത്​. 2022ൽ ഇത്​ 44 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 59,000 ടണ്ണിലധികം കാർബൺഡയോക്​സൈഡ്​ പുറന്തള്ളൽ കുറക്കാൻ ഇലക്​ട്രിക്​ ബസുകൾ സഹായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsElectric buses
News Summary - 735 more electric buses arrive in Dubai
Next Story