രാജ്യത്ത് 73 ഇസ്ലാമേതര പ്രാർഥനാലയങ്ങൾ
text_fieldsബാപ്സ് ഹിന്ദു മന്ദിർ
ദുബൈ: ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളും താമസിക്കുന്ന യു.എ.ഇയിൽ ലൈസൻസുള്ള 73 ഇസ്ലാമേതര പ്രാർഥനാലയങ്ങളുണ്ടെന്ന് സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. കണക്കുകൾ പ്രകാരം അബൂദബി എമിറേറ്റിലാണ് ഏറ്റവും കൂടുതൽ പ്രാർഥനാലയങ്ങളുള്ളത്. അബൂദബിയിൽ സമീപകാലത്ത് ആരംഭിച്ച ബാപ്സ് ഹിന്ദു മന്ദിർ അടക്കം 27 എണ്ണമാണ് തലസ്ഥാന എമിറേറ്റിലുള്ളത്.
ദുബൈയിൽ 14, റാസൽഖൈമയിൽ 11, ഷാർജയിൽ 10, ഫുജൈറയിൽ എട്ട്, ഉമ്മുൽഖുവൈനിൽ രണ്ട്, അജ്മാനിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. സഹിഷ്ണുത, സഹവർത്തിത്വ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ നേടിയ യു.എ.ഇയിൽ ഇവക്കായി പ്രത്യേക മന്ത്രാലയംതന്നെ പ്രവർത്തിക്കുന്നുണ്ട്. 2019ൽ പോപ് ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ശൈഖ് അഹമ്മദ് അൽ തായിബും പങ്കെടുത്ത ചടങ്ങിൽ മാനുഷിക സാഹോദര്യത്തിന്റെ രേഖ ഒപ്പുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനെതുടർന്ന് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 4 മാനുഷിക സാഹോദര്യത്തിന്റെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമേതര ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്ന 2023ലെ ഫെഡറൽ നിയമപ്രകാരമാണ് രാജ്യത്ത് പുതിയ ആരാധനാലയങ്ങളുടെ ലൈസൻസ് നൽകുന്നത്.
ലൈസൻസ് അപേക്ഷകർ അംഗീകൃത മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരും 40 വയസ്സിന് മുകളിൽ പ്രായമുള്ള കുറഞ്ഞത് 20 അംഗങ്ങളുള്ളവരും യു.എ.ഇയിൽ അഞ്ച് വർഷമായി താമസിക്കുന്നവരും ആരാധനാലയം നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള സാമ്പത്തിക ശേഷിയുള്ളവരുമായിരിക്കണം. ഓരോ അപേക്ഷയും നിശ്ചിത മതമേധാവികളിൽനിന്നുള്ള അംഗീകാരത്തോടെയാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

