7000 ഡിജിറ്റൽ വിവാഹ കരാറുകൾ കൈമാറി ജുഡീഷ്യൽ വകുപ്പ്
text_fieldsഅബൂദബി: വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകുന്ന സേവനം ആരംഭിച്ചശേഷം അബൂദബി ജുഡീഷ്യൽ വകുപ്പ് കൈമാറിയത് 7000 കരാറുകൾ. വിവാഹകരാര്‍ പൂര്‍ത്തിയായാലുടന്‍ അവ ദമ്പതികളുടെ മൊബൈലിലേക്കും ഇ-മെയിലിലേക്കും കൈമാറുന്നതാണ് ജുഡീഷ്യല്‍ വകുപ്പിന്റെ തൽക്ഷണ സേവന പദ്ധതി.
ഇത് നടപ്പാക്കിയശേഷം 2022 ഒക്ടോബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ജുഡീഷ്യല്‍ വകുപ്പ് ഏഴായിരത്തോളം വിവാഹ കരാറുകള്‍ പൂര്‍ത്തിയാക്കിയത്. വിവാഹ നടപടികളെല്ലാം ഇലക്ട്രോണിക്കായി ചെയ്യാനുള്ള സൗകര്യമുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് മുഖേന കരാര്‍ ഒപ്പിടല്‍ സെഷനില്‍ പങ്കെടുക്കാനും അവസരമുണ്ട്. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ വിവാഹകരാര്‍ ഔദ്യോഗിക ചാനലുകള്‍ മുഖേന ലഭ്യമാക്കും.
അഞ്ചു ഘട്ടങ്ങളാണ് ഡിജിറ്റല്‍ വിവാഹ കരാറിനുള്ളത്. അബൂദബി ജുഡീഷ്യല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യ പടി.
തുടര്‍ന്ന് നോട്ടറി പബ്ലിക് സര്‍വിസ് നല്‍കിയശേഷം വിവാഹ കരാറും നോട്ടറി സേവനവും തിരഞ്ഞെടുത്ത് ആവശ്യമായ രേഖകള്‍ നല്‍കണം. ഇലക്ട്രോണിക്കായി ഫീസ് അടക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. വിവാഹ കരാറിനായി ഇഷ്ടമുള്ള തീയതി അപ്പോയിന്മെന്റ് ബുക്കിങ് സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുക്കാം.
നേരിട്ടോ വിഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണോ ഔദ്യോഗിക ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്നതെന്ന് വ്യക്തമാക്കണം. ശേഷം മൊബൈല്‍ ഫോണിലേക്ക് അയച്ചുനല്‍കുന്ന ലിങ്ക് മുഖേന ഡിജിറ്റല്‍ ഒപ്പ് തയാറാക്കി നല്‍കണം. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ വിവാഹ കരാര്‍ ലഭിക്കുന്നതാണ് അഞ്ചാമത്തെ ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

