കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ ക്രൈമിൽ 70 ശതമാനം വർധന
text_fieldsഷാർജ: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ 70 ശതമാനം വർധനയുണ്ടായെന്ന് ഷാർജ പൊലീസ്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി അൽ സഹിയ സിറ്റി സെന്‍ററിൽ ഷാർജ പൊലീസിന്‍റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം നടത്തുന്ന 'ബോധവാന്മാരാകൂ: നിൽക്കൂ, ചിന്തിക്കൂ, സംരക്ഷിക്കൂ' എന്ന കാമ്പയിനിന്‍റെ ഭാഗമായി സംസാരിക്കവേ ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ-ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബാങ്കുകളിൽനിന്നാണെന്ന് പറഞ്ഞുള്ള വ്യാജസന്ദേശങ്ങൾ വഴിയും പ്രമുഖരുടെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞെത്തുന്ന വ്യാജ സിദ്ധന്മാരിലൂടെയുമൊക്കെയാണ് ആളുകൾ പറ്റിക്കപ്പെടുന്നത്. ഓൺലൈൻ തട്ടിപ്പും ബ്ലാക്ക്മെയിലിങ്ങുമായി ബന്ധപ്പെട്ട് ദിവസവും പൊലീസിന് പരാതി ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷയും സ്വകാര്യതയും സൂക്ഷിക്കാനുള്ള മുൻകരുതൽ പലരും എടുക്കാത്തതാണ് തട്ടിപ്പിന് ഇരയാകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ജിയും ഫോർട്ട്നൈറ്റും പോലുള്ള വിഡിയോ ഗെയിമുകൾ വഴി 15ന് താഴെയുള്ള കുട്ടികൾ ഇരകളാകുന്നതും വർധിച്ചുവരുകയാണ്. ഇതുസംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ പ്രതിവർഷം 7460 ലക്ഷം ദിർഹത്തിന്‍റെ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് യു.കെ ടെക്നോളജി വെബ്സൈറ്റായ കമ്പാരിടെക് പറയുന്നത്.
2018-2020 വർഷത്തിൽ 1,66,667 പേർ യു.എ.ഇയിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയായെന്നാണ് കണക്ക്. സൈബർ തട്ടിപ്പുകൾക്ക് ഇരയായവർക്ക് 180 ലക്ഷം ദിർഹം തിരികെനൽകാനായെന്ന് ഫെബ്രുവരിയിൽ അബൂദബി പൊലീസ് പറഞ്ഞിരുന്നു.
അറബി, ഇംഗ്ലീഷ്, ചൈനീസ്, കൊറിയൻ, ഉർദു, റഷ്യൻ ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖ ഷാർജ പൊലീസ് വിതരണം ചെയ്യുന്നുണ്ട്. കാമ്പയിൽ 25ന് സമാപിക്കും.
ഷാർജ പൊലീസിൽ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാൻ വിളിക്കാം:
06-5943446, 06-5943228
ഫാക്സ് അയക്കാം:
06-5616096
വാട്സ്ആപ്: +971559992158
ഇ-മെയിൽ: tech_crimes@shjpolice.gov.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

