തുറക്കാനിരിക്കുന്നത് 7പുതിയ മാളുകൾ
text_fieldsസൗത്ത് ബേ മാളിന്റെ രൂപരേഖ
ദുബൈ: പുതിയ വർഷത്തിൽ ഏഴ് പുതിയ മാളുകൾ കൂടി തുറക്കും. ചെറുകിട കച്ചവട കേന്ദ്രങ്ങളെന്നതിന് ഉപരിയായി വിനോദത്തിനും ആനന്ദത്തിനുമുള്ള കേന്ദ്രങ്ങളെന്ന നിലയിലാണ് മാളുകൾ രൂപപ്പെടുത്തുന്നത്. നവീനമായ രൂപകൽപനയിൽ ഔട്ഡോർ സ്ഥലങ്ങളും വെൽനസ് കാഴ്ചപ്പാടുകൾക്ക് യോജിച്ചതുമായ രീതിയിലാണ് മാളുകൾ ഉയരുന്നത്. ദുബൈയിൽ നിർമിക്കുന്ന മാളുകളിലൊന്ന് ശോഭ ഹാർട്ലാൻഡിലെ ശോഭ മാളാണ്. 3,39,000 സ്ക്വയർ ഫീറ്റ് റീടെയ്ൽ, ലൈഫ്സ്റ്റൈൽ സംവിധാനങ്ങളാണ് മാളിൽ സജ്ജീകരിക്കാൻ പോകുന്നത്. ബോട്ടിക് ഷോപ്പിങ്, സൂപ്പർമാർക്കറ്റ്, ജിം, പ്ലേ കോർട്ടുകൾ, പത്തിലധികം ഡൈനിങ് സ്പോട്ടുകൾ, ജീവിതശൈലി, കുടുംബ മേഖലകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു പുതിയ കമ്മ്യൂണിറ്റി മാളായിരിക്കുമിത്.
ലിവാൻ മാളാണ് മറ്റൊന്ന്. ദുബൈ വാദി അൽ സഫ 2ൽ നിർമിക്കുന്ന ഈ മാളിന് 1,13,674 ചതുരശ്ര അടി വലുപ്പമുണ്ട്. സ്പാനിഷ് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാസ്തുവിദ്യ, കഫേ സംസ്കാരം, ഡൈനിങിനും ഒഴിവുസമയത്തിനുമായി ലാൻഡ്സ്കേപ്പ് ചെയ്ത ഇടങ്ങൾ എന്നിവ മാളിന്റെ പ്രത്യേകതയായി പ്രതീക്ഷിക്കപ്പെടുന്നു. മുഴുദിന വിനോദയാത്ര പോലെ സന്ദർശകർക്ക് മാൾ അനുഭവിക്കാൻ സാധിക്കും. ദുബൈയിലെ തന്നെ വാദി അൽ സഫ 5ൽ നിർമിക്കുന്ന വില്ല സ്ക്വയറാണ് മറ്റൊന്ന്. 1,24,000 ചതുരശ്ര അടി വലുപ്പമുണ്ടിതിന്. കുടുംബങ്ങൾ, ആരോഗ്യപ്രേമികൾ, അയൽപക്ക സന്ദർശകർ എന്നിവരെയാണ് മാൾ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. റീട്ടെയിൽ, വെൽഫെയിങ്, ക്യൂറേറ്റഡ് ഭക്ഷണശാലകൾ, റൂഫ്ടോപ്പ് പൂൾ എന്നിവയും വെൽനെസ് ഇടങ്ങളും ഇതിന്റെ പ്രത്യേകതയായിരിക്കും.
ദുബൈ സൗത്ത് റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റിൽ നിർമിക്കുന്ന സൗത്ത് ബേ മാളാണ് മറ്റൊന്ന്. മൂന്ന് നിലകളിലായി 2ലക്ഷം ചതുരശ്ര അടിയാണ് വലുപ്പം. മുകളിൽ തുറന്ന നടപ്പാതകളുള്ള ഈ പുതിയ മാളിൽ 60 റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പ്രീമിയം ഫുഡ് ഹാൾ, ജിം, സ്പാ, ക്ലിനിക് എന്നിവയുണ്ടാകും. ഒരു ഷോപ്പിങ് സെന്റർ മാത്രമല്ല, ഒരു ജീവിതശൈലി കേന്ദ്രമായിട്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈ ക്രീക്ക് ഹാർബറിൽ ഒരുങ്ങുന്ന ദുബൈ സ്ക്വയർ എന്ന മാൾ ‘ഇൻഡോർ സിറ്റി’യായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിശാലമായ നടപ്പാതകൾ, ഒപ്പം റീട്ടെയിൽ, ഡൈനിങ്, വിനോദം എന്നിവയെല്ലാം ഒരു മേൽക്കൂരക്ക് കീഴിൽ ലഭ്യമാകും. രൂപകൽപന പൂർത്തിയായി വരുന്ന മാൾ ഈ വർഷം തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശെശഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് നിർമിക്കുന്ന ഗഫ് വുഡ്സ് മാൾ 2026ൽ തുറക്കുമെന്ന് കരുതുന്ന മറ്റൊരു മാളാണ്. ഇവക്കൊപ്പം ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്സ് എന്നി നവീകരിച്ച് തുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

