ലിവ ഫെസ്റ്റിവലിൽ ഇത്തവണയെത്തിയത് 7 ലക്ഷം സന്ദർശകർ
text_fieldsലിവ ഫെസ്റ്റിവൽ ദൃശ്യം
അബൂദബി: എമിറേറ്റിലെ അൽ ദഫ്റ മേഖലയിൽ നടന്ന ലിവ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ ഇത്തവണ എത്തിയത് ഏഴ് ലക്ഷത്തിലേറെ സന്ദർശകർ. 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെ നടന്ന ഫെസ്റ്റിവലിന്റെ 23 ദിവസങ്ങളിലായാണ് വലിയ രീതിയിൽ സന്ദർശകർ എത്തിച്ചേർന്നത്.
യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ മണൽത്തിട്ടയായ തൽ മുരീബ് കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കും മോട്ടോർ സ്പോർട്സ് പ്രേമികൾക്കും സംസ്കാരിക പരിപാടികളുടെ ആസ്വാദകർക്കും ഒരുപോലെ ആവേശകരമായ രീതിയിലാണ് ശൈത്യകാല വിനോദമേള ഒരുക്കിയത്.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേള, ലിവാ സ്പോർട്സ് ക്ലബ്, അബൂദബി സ്പോർട്സ് കൗൺസിൽ, അബൂദബി മീഡിയ ഓഫീസ്, അൽ ദഫ്റ മുനിസിപ്പാലിറ്റി, അബൂദബി പൊലീസ്, അബൂദബി മീഡിയ നെറ്റ്വർക്, മിറൽ എന്നിവ സഹകരിച്ചാണ് ഒരുക്കിയത്.
പാരമ്പര്യവും സംസ്കാരവുമായിരുന്നു മേളയുടെ മുഖ്യ ആകർഷണം. തൽ മുരീബ് പരിസരങ്ങളിലും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലുമായി പരമ്പരാഗത മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, വിവിധ ആക്റ്റിവിറ്റികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. അൽ ദഫ്റ മേഖലയുടെ പാരമ്പര്യവും സംസ്കാരപരമായ പൈതൃകവും ലോകത്തിന് പരിചയപ്പെടുത്തുന്ന മേള സംഘാടക മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിവ ഇന്റർനാഷനൽ ഫെസ്റ്റിവലിന്റെ അടുത്ത പതിപ്പ് 2026 ഡിസംബർ 11 മുതൽ 2027 ജനുവരി 2 വരെ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

