2030ൽ യു.എ.ഇയിൽ 6ജി നെറ്റ്വർക്ക്
text_fieldsദുബൈ: അതിവേഗം നവീന സാങ്കേതികവിദ്യകൾ നടപ്പാക്കുന്ന യു.എ.ഇയിൽ 2030ഓടെ 6ജി എത്തുമെന്ന് അധികൃതർ. ഇതിന് മുന്നോടിയായി നടപ്പാക്കേണ്ട നടപടികൾക്കായി ഇമാറാത്തി ടെലികമ്യൂണിക്കേഷൻ കമ്പനിയായ ‘ഡു’വും ബഹുരാഷ്ട്ര കമ്പനിയായ ‘വാവേ’യും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇരുകമ്പനികളും ദീർഘകാല പങ്കാളിത്തത്തിനാണ് ഞായറാഴ്ച ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഒപ്പുവെച്ച കരാറിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ 5ജി നടപ്പാക്കിയ രാജ്യത്ത് ആദ്യഘട്ടത്തിൽ 5.5ജി എത്തിക്കാനാണ് ധാരണപത്രത്തിൽ തീരുമാനമായിട്ടുള്ളത്. സാങ്കേതിക നവീകരണത്തിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും 5.5ജി വികസനം എളുപ്പമാക്കാനും കരാർ സഹായിക്കും.
ലോകത്ത് പല രാജ്യങ്ങളും 3ജി, 4ജി നെറ്റ്വർക്കുകളിൽ തുടരുമ്പോഴാണ് യു.എ.ഇ 6ജിക്ക് വേണ്ട മുന്നൊരുക്കം ആരംഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ മൊബൈൽ ടെക്നോളജി വിപണിയുടെ വലിയ ശതമാനം നേടിയെടുക്കാൻ ലക്ഷ്യംവെച്ചാണ് ‘ഡു’ സുപ്രധാന നീക്കം നടത്തിയിട്ടുള്ളത്. 5.5ജി ടെക്നോളജിയുടെ നവീന പദ്ധതികൾ എത്തിക്കാൻ ധാരണപത്രത്തിലൂടെ ‘ഡു’വിന് സാധിക്കും. പുതിയ സാഹചര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും പ്രാദേശിക ആവശ്യകതകളെ അടിസ്ഥാനമാക്കി മെറ്റാവേർസ്, ഹോളോഗ്രാഫിക് മീറ്റിങ്, എക്സ്.ആർ പോലുള്ള ആപ്ലിക്കേഷനുകൾ നടപ്പാക്കുകയും ചെയ്യും. ഡിജിറ്റൽ നവീകരണത്തിൽ മുൻനിരയിൽ തുടരാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരുമായി പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കരാർ സംബന്ധിച്ച് ‘ഡു’ സി.ടി.ഒ സലീം അൽ ബലൂഷി പറഞ്ഞു.
യു.എ.ഇയുടെ മെറ്റാവേഴ്സ് നയത്തിന് അനുസൃതമായി, ‘വാവെ’യുമായുള്ള പങ്കാളിത്തം വാണിജ്യപരമായ ഉപയോഗത്തിന് 5.5ജി സാങ്കേതികവിദ്യ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ‘ഡു’വിനെ പ്രാപ്തമാക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും വേഗമേറിയ നെറ്റ്വർക്കും വിപുലമായ കവറേജും ഇതുവഴി സാധ്യമാകും -അൽ ബലൂഷി കൂട്ടിച്ചേർത്തു. കരാർ നെറ്റ്വർക്ക് അനുഭവം മെച്ചപ്പെടുത്താനും ഡിജിറ്റൽ ഇന്റലിജന്റായ ലോകം കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് ‘വാവെ’ പ്രസിഡന്റ് കാവോ മിങ് പ്രസ്താവിച്ചു.
എന്താണ് 5.5ജി നെറ്റ്വർക് ?
5.5ജി നെറ്റ്വർക്കെന്നും 5ജി അഡ്വാൻസ്ഡ് എന്നും വിളിക്കപ്പെടുന്ന സാങ്കേതികവിദ്യ 5ജിക്കും 6ജിക്കും ഇടയിലെ പാലമാണ്. കൂടുതൽ മെച്ചപ്പെട്ട 5ജി നെറ്റ്വർക് എന്ന് വിളിക്കാമെങ്കിലും നിരവധിയായ പുതിയ സവിശേഷതകളും ഇതിനുണ്ട്. ‘5ജി’യേക്കാൾ 10 മടങ്ങ് വേഗവും 10 മടങ്ങ് കണക്ഷനുകളും ഇതിലുണ്ടാകും.
സാങ്കേതിക രംഗത്ത് ഇനിയും നിർണയിക്കപ്പെട്ടിട്ടില്ലാത്ത മാറ്റങ്ങളാണ് 6ജി കൊണ്ടുവരുക. ഇത് വികസിപ്പിക്കാൻ ആരംഭിച്ചിട്ടേയുള്ളൂ. 2024 ആദ്യ പകുതിയോടെ 5.5ജി യു.എ.ഇയിൽ എത്തിക്കാനാണ് നിലവിൽ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

