അൽ ബർഷയിൽ 656 ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തു
text_fieldsദുബൈ: അൽ ബർഷ മേഖലയിൽ നിന്ന് കഴിഞ്ഞ വർഷം ദുബൈ പൊലീസ് പിടികൂടിയത് 656 ഇ-സ്കൂട്ടറുകൾ. വിവിധ തരത്തിലുള്ള ട്രാഫിക് നിയമലംഘനത്തിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹരിബ് മുഹമ്മദ് അൽ ശംസി മേഖലയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത ഇ-സ്കൂട്ടറുകളുടെ കണക്കുകൾ പൊലീസ് പുറത്തുവിട്ടത്.
ജനറൽ ഡിപ്പാർട്ടുമെന്റുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കുമായുള്ള വാർഷിക പരിശോധനയുടെ ഭാഗമായാണ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫിന്റെ സന്ദർശനം. അൽ ബർഷ പൊലീസ് സ്റ്റേഷന്റെ വിവിധ സംരംഭങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. അതോടൊപ്പം മേഖലയിലെ സുരക്ഷ നടപടികൾ, പൊലീസ് സേനയുടെ ശരാശരി അടിയന്തര പ്രതികരണ സമയം, റോഡപകടങ്ങളിലെ മരണം, കുറ്റകൃത്യങ്ങളുടെ നിരക്ക് എന്നിവ വിലയിരുത്തുകയും ചെയ്തു.
റിപ്പോർട്ട് ചെയ്യേണ്ട സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യ നിരക്ക് 100 ശതമാനമാണെന്ന് പരിശോധനയിൽ വ്യക്തമായി. ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും പൊലീസിന് സാധിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ തെറ്റായ പെരുമാറ്റങ്ങൾ കുറക്കുക, സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചെക് പോസ്റ്റുകൾ വഴി നിയമലംഘകരെ പിടികൂടുക എന്നിവ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

