63 ഫാൽക്കണുകൾക്ക് പുതുജീവൻ
text_fieldsഫാൽക്കണുകളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രമാക്കുന്നു
ദുബൈ: വംശനാശം നേരിടുന്ന 63 ഫാൽക്കൺ പക്ഷികളെ പുതുജീവിതത്തിലേക്ക് തുറന്നുവിട്ട് യു.എ.ഇ. ഫാൽക്കൺ പക്ഷികളെ സംരക്ഷിക്കാൻ രൂപം നൽകിയ ശൈഖ് സായിദ് ഫാൽക്കൻ റിലീസ് പദ്ധതിയുടെ 30ാം എഡിഷന്റെ ഭാഗമായി കസാഖ്സ്താൻ, റഷ്യ, ചൈന, മംഗോളിയ വനങ്ങളിലേക്കാണ് ഇവയെ തുറന്നുവിട്ടത്.
അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലാണ് 38 പെരിഗ്രൈൻ, 25 സാക്കിർ എന്നീ ഇനങ്ങൾ ഉൾപ്പെടെ 63 ഫാൽക്കണുകളെ തുറന്നുവിട്ടത്.
പക്ഷികൾക്ക് പരിശീലനവും വൈദ്യപരിശോധനയും പൂർത്തിയാക്കിയാണ് ഇവയെ സ്വതന്ത്രമാക്കിയത്. തുറന്നുവിട്ട ഫാൽക്കണുകളുടെ ശരീരത്തിൽ പ്രത്യേക തിരിച്ചറിയൽ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. 11 ഫാൽക്കണുകളിൽ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗതമായ ദേശാന്തരഗമനം എന്നിവ നിരീക്ഷിക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
പ്രാപ്പിടിയൻ പക്ഷികളുടെ അതിജീവനത്തിനും സംരക്ഷണത്തിനുമായി മുപ്പത് വർഷം മുമ്പ് രൂപം നൽകിയതാണ് ശൈഖ് സായിദ് ഫാൽക്കൺ റിലീസിങ് പ്രോഗ്രാം. ഇതുവരെ 2,274 ഫാൽക്കണുകളെയാണ് പദ്ധതി പ്രകാരം സ്വതന്ത്രമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

