പെരുന്നാൾ അവധിയിൽ ദുബൈയിൽ എത്തിയത് 6.29 ലക്ഷം
text_fieldsപെരുന്നാൾ അവധിയിൽ ദുബൈയിലെത്തിയ യാത്രക്കാരന്റെ പാസ്പോർട്ടിൽ ‘ഈദ് ഇൻ ദുബൈ’ എന്ന മുദ്ര
പതിച്ചപ്പോൾ
ദുബൈ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലേക്ക് സന്ദർശക പ്രവാഹം. ജൂൺ അഞ്ച് മുതൽ ജൂൺ എട്ട് വരെ ദുബൈ അതിർത്തികളിലൂടെ കടന്നുപോയത് 6,29,559 യാത്രക്കാരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) വെളിപ്പെടുത്തി.ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ദുബൈയുടെ ഊർജസ്വലത അടയാളപ്പെടുത്തുന്നതാണ് കണക്ക്. ഭൂരിഭാഗവും യാത്രക്കാരും കടന്നുപോയത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. 5,81,527 യാത്രക്കാരാണ് വിമാനത്താവളംവഴി സഞ്ചരിച്ചത്. ഹത്ത അതിർത്തി വഴി 46,863 യാത്രക്കാരും കടൽമാർഗം 1,169 പേരുമാണ് എത്തിയത്.
ദുബൈയുടെ വളർച്ചയെയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമെന്ന നിലയിലുള്ള സ്ഥാനത്തെയും ഇത് സൂചിപ്പിക്കുന്നുവെന്ന് എയർപോർട്സ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ശൻഖീതി പ്രസ്താവിച്ചു. സ്മാർട്ട് ഗേറ്റുകളിലൂടെയും ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിന് തങ്ങൾ മുൻഗണന നൽകിയിട്ടുണ്ടെന്നും, ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വേഗതയേറിയതും സ്മാർട്ടായതും സുരക്ഷിതവുമായ യാത്രാനുഭവം നൽകുന്നതിലൂടെ, ആഗോള ജീവിതനിലവാരത്തിലും അന്താരാഷ്ട്ര ഗതാഗത സൂചികകളിലും ദുബൈയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനുള്ള ദുബൈയുടെ സമീപനത്തിന്റെ മാതൃകയാണ് സ്ഥാപനപരമായ സജ്ജീകരണമെന്ന് ജി.ഡി.ആർ.എഫ്.എ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

