61 സ്വകാര്യ മധ്യസ്ഥര്‍ക്ക് അബൂദബിയില്‍ അംഗീകാരം
text_fieldsഅബൂദബി: സിവില്‍, വാണിജ്യ തര്‍ക്കങ്ങള്‍ ദീര്‍ഘിച്ച കോടതി നടപടികളിലേക്ക് പോകാതെ വേഗത്തില്‍ പരിഹരിക്കാന്‍ 61 സ്വകാര്യ മധ്യസ്ഥര്‍ക്ക് അംഗീകാരം നല്‍കി അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്‍റ് (എ.ഡി.ജെ.ഡി). എ.ഡി.ജെ.ഡി അണ്ടര്‍സെക്രട്ടറി കൗണ്‍സിലര്‍ യൂസുഫ് സഈദ് അല്‍ അബറിക്ക് മുമ്പാകെ പുതിയ മധ്യസ്ഥര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ ഇവര്‍ക്ക് ഔദ്യോഗികമായി സേവനമനുഷ്ഠിക്കാന്‍ അനുമതിയായി. ഇരുവിഭാഗങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ ധാരണയിലെത്താന്‍ വഴിയൊരുക്കി, വഴക്കുകള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ലക്ഷ്യം.
അബൂദബിയുടെ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനും തര്‍ക്കപരിഹാരത്തിന് ബദല്‍ മാര്‍ഗങ്ങള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സ്വകാര്യ മധ്യസ്ഥരുടെ നിയമനമെന്ന് യൂസുഫ് സഈദ് അല്‍ അബ്റി പറഞ്ഞു. രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ടുതന്നെ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഇത്തരം സ്വകാര്യ മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലുള്ള അനാവശ്യ വൈകലുകള്‍ ഒഴിവാക്കി വാണിജ്യ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നതിലൂടെ അബൂദബിയിലെ ബിസിനസ് അന്തരീക്ഷത്തിന് മികച്ച സൗകര്യമൊരുക്കാനും ഇത് സഹായകമാകും.
യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനും എ.ഡി.ജെ.ഡി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കി നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്നും അല്‍ അബ്റി കൂട്ടിച്ചേര്‍ത്തു. സത്യസന്ധതയോടും നിഷ്പക്ഷതയോടും സുതാര്യതയോടും കൂടി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം മധ്യസ്ഥരോട് ആഹ്വാനം ചെയ്തു. തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമങ്ങളും പ്രൊഫഷനല്‍ മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തിയ മധ്യസ്ഥര്‍, നീതിപൂര്‍വമായും സ്വതന്ത്രമായും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചു. സമാധാനപരമായ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ വ്യക്തികളെയും ബിസിനസുകളെയും ഒരുപോലെ പരസ്പര ധാരണയിലെത്തിക്കാന്‍ സഹായിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. പരമ്പരാഗത കോടതി നടപടികള്‍ക്ക് പ്രായോഗികമായ ബദലുകള്‍ നല്‍കുന്നതിനും നിയമസേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി എ.ഡി.ജെ.ഡി നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

