അൽ റാസിലെ 60 വായന വർഷങ്ങൾ
text_fieldsദുബൈ ദേരയിലെ അൽ റാസ് പബ്ലിക് ലൈബ്രറി അതിന്റെ അറുപതാം വാർഷികം പൂർത്തിയാക്കി. വായനയിലൂടെ പുതുയുഗങ്ങൾ പിറക്കണമെന്നും അവ രാജ്യത്തിന് അറിവുള്ള തണലായി മാറണമെന്നുമുള്ള ദുബൈയിലെ അന്നത്തെ ഭരണാധികാരി പരേതനായ ശൈഖ് റാശിദ ബിൻ സഈദ ആൽ മക്തൂമിന്റെ കാഴ്ച്ചപാടിൽ നിന്നാണ്, 1963ൽ അൽ റാസിലെ വായന വസന്തത്തിന്റെ താളുകൾ നിവർന്നത്.
ദുബൈയിലെ പബ്ലിക് ലൈബ്രറികളുടെ ശാഖകളിൽ ആദ്യത്തെ ലൈബ്രറി എന്ന സ്ഥാനം ഇതിനാണ്. ശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കല എന്നിവയുടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ ഇതിൽ സജ്ജീകരിച്ചിരുന്നു. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഇവിടെ വരുത്തിയിട്ടുണ്ട്. ഓഡിയോ-വിഷ്വൽ സൗകര്യങ്ങളും ഡിജിറ്റൽ വായനക്കും സൗകര്യമുണ്ട്. കുട്ടികളുടെ സാഹിത്യത്തിനായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്.
1963നെ തുടർന്നുള്ള വർഷങ്ങളിൽ, ദുബൈയിൽ പബ്ലിക് ലൈബ്രറികൾ തുടർച്ചയായി തുറന്നു. ഓരോ ശാഖക്കും അത് നിർമിച്ച പ്രദേശത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഹോർ അൽ അൻസ് പബ്ലിക് ലൈബ്രറി, അൽ റാശിദിയ പബ്ലിക് ലൈബ്രറി, അൽ സഫ ലൈബ്രറി, ഉമ്മുസുഖീം ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ടു, തുടർന്ന് ഹത്ത പബ്ലിക് ലൈബ്രറി, അൽ തവാർ ലൈബ്രറി, അൽ മൻഖൂൽ ലൈബ്രറി എന്നിവയും തുറന്നു. വായനശാലകൾ അറിവിന്റെ കേദാരങ്ങളാണ്.
അതിന്റെ കലവറകളിൽ നിന്ന് ലോകത്തിന്റെ വ്യത്യസ്തമായ സ്പന്ദനങ്ങൾ കേൾക്കാം. ചരിത്രപ്രസിദ്ധമായ അൽ റാസ് പ്രദേശത്ത് അബറയുടെ തീരത്താണ് വായനശാല പ്രവർത്തിക്കുന്നത്. ഗോൾഡ് സൂക്ക്, സ്പൈസ് സൂക്ക്, അൽ അഹ്മദിയ സ്കൂൾ, പ്രമുഖ വ്യക്തിത്വമായ അഹമ്മദ് ബിൻ ദൽമൂക്കിന്റെ ചരിത്രപരമായ ഭവനം തുടങ്ങിയ നിരവധി സവിശേഷതകൾ ഈ മേഖലയുടെ സാംസ്കാരിക തിളക്കമാണ്. ലോകമെമ്പാടുമുള്ള ലൈബ്രറികളുടെ ലക്ഷ്യം അറിവുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ്. വായനയിലൂടെ നവോത്ഥാനങ്ങൾ തീർത്ത്, ഇനി വരുന്ന തലമുറകൾക്ക് അണയാത്ത വെളിച്ചമായി മാറുക എന്ന അക്ഷര പ്രാർഥനയാണ് വായനശാലകൾ.
അറിവ് ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് അവയുടെ പ്രാഥമിക ലക്ഷ്യം. മാറ്റം മാത്രമാണ് അവയുടെ ക്രമീകരണം. ഡിജിറ്റൈസേഷൻ, ഡിജിറ്റൽ മീഡിയ, ഡിജിറ്റൽ സംഗീതം, സ്ട്രീമിങ് സേവനങ്ങൾ എന്നിവയുടെ യുഗത്തിൽ ദുബൈയുടെ പൊതു ലൈബ്രറികൾ അവയുടെ തിളക്കം സംരക്ഷിക്കുന്നതിനായി അടുത്തിടെ എങ്ങനെയൊക്കെ മാറ്റങ്ങളെ സ്വീകരിച്ചുവെന്ന് നമുക്ക് കാണാൻ കഴിയും.1963ൽ ആരംഭിച്ചതുമുതൽ, അൽ റാസ് ലൈബ്രറി, അക്ഷര ലോകത്തിന്റെ നവീനമായ മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയുടെ കാലത്ത് ഡിജിറ്റൽ വായനക്കുവേണ്ട എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് വായനശാലയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്.
സാഗരങ്ങളെഴുതിയ കവിതകൾ തിരമാലകൾ വായനശാലക്ക് വായിച്ച് കൊടുക്കുന്നു. പോകുന്ന വഴിയിലെല്ലാം കാറ്റും അതേറ്റ് വായിക്കുന്നു. നിലക്കാത്ത വായനയും തളരാത്ത തിരയും തീരാത്ത വാക്കുകൾ കൊണ്ട് സ്നേഹത്തിന്റെ പാലങ്ങൾ പണിയുന്നു. കുടുംബങ്ങൾ ഡിജിറ്റൽ വായനയെ സ്വീകരിക്കുമ്പോൾ തന്നെ, പുസ്തകങ്ങളെ നെഞ്ചോട് ചേർക്കുന്നു. പൗരാണിക വായനയുടെ അക്ഷരമണത്തിൽ അൽ റാസ് പ്രദേശം ഒരു പുസ്തകമായി പരിണമിക്കുന്നു. കടൽ തിരകൾ അനേകം പേജുകളുള്ള ഒരു പുസ്തകം പോലെ, കാറ്റ് അതിന്റെ താളുകൾ മറിക്കുന്നു. വായനയുടെ സുഖത്തിൽ മാരിവില്ലുകൾ പൂക്കുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത യു.എ.ഇ വിജയഗാഥയുടെ ജൈവ തീരത്തിലൂടെ ലോക ഭാഷകൾ അവരുടെ പുസ്തക ശേഖരവുമായി ഘോഷയാത്ര ചെയ്യുന്നു. വായനയിൽ നിന്ന് ലഭിക്കുന്ന സുകൃതം ആണ് അറിവ്. അറിവാണ് ലോകത്തിന്റെ അടിത്തറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

