ദുബൈയിൽ 595 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾകൂടി
text_fieldsആർ.ടി.എ നിർമിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം
എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ 762 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാനാണ് പദ്ധതി
ദുബൈ: എമിറേറ്റിൽ പുതുതായി 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം കൂടി പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിരിക്കുന്നത്. എമിറേറ്റിലുടനീളം ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള 765 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കുകയെന്നതാണ് ആർ.ടി.എയുടെ ലക്ഷ്യം. പദ്ധതിയുടെ 89 ശതമാനം പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു. സമകാലിക വാസ്തുവിദ്യ ശൈലിയിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ രൂപകൽപന. പുതിയ നിരവധി സുഖസൗകര്യങ്ങളും പൊതുഗതാഗത അനുഭവം മെച്ചടുത്താൻ ലക്ഷ്യമിട്ടുള്ള ഉപഭോക്തൃ സൗഹൃദപരമായ സിവിശേഷതകളും പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വലിയ അളവിൽ ബസ് റൂട്ടുകൾക്ക് സേവനം നൽകാനും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സഹായകമാവും. ചില സ്ഥലങ്ങളിൽ 10 ലധികം റൂട്ടുകളിൽനിന്നുള്ള ബസുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. പ്രതിവർഷം 19.2 കോടിയിലധികം യാത്രക്കാർക്ക് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ പ്രയോജനപ്പെടും. സംയോജിത നഗര പരിസ്ഥിതി വികസിപ്പിക്കുകയെന്ന ആർ.ടി.എയുടെ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബസ് ഷെൽട്ടറുകൾ എന്ന് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
നാല് വിഭാഗങ്ങളിലായാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ തിരിച്ചിരിക്കുന്നത്. പ്രതിദിനം 750 യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റോപ്പുകളെ പ്രാഥമിക ഷെൽട്ടറുകളായും പ്രതിദിനം 250നും 750നും യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റോപ്പുകളെ സെക്കൻഡറി സ്റ്റോപ്പുകളായും പ്രതിദിനം 100നും 250നും ഇടയിൽ യാത്രക്കാർ ഉപയോഗിക്കുന്നവയെ ബേസിക് സ്റ്റോപ്പുകളായുമാണ് കണക്കാക്കുക. ഇതിൽ ആദ്യവിഭാഗത്തിലുള്ള ഷെൽട്ടറുകൾ ശീതീകരിച്ചതാണ്. കൂടാതെ ഇരിക്കാനുള്ള സൗകര്യവും പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. ബസ് റൂട്ടുകളും ഷെഡ്യൂളുകളും സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ഡിസ്പ്ലേ സ്ക്രീനുകളും ഇവിടെ സജ്ജമാണ്.
നഗരത്തിലെ താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സൗകര്യങ്ങളും ക്ഷേമവും വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു.
ദുബൈയിലെ ജനസംഖ്യ വർധനക്കും നഗരവികസനത്തിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റാനും ബസ് ശൃംഖലകളുടെ സേവനം മെച്ചപ്പെടുത്താനും കഴിയുന്ന നൂതനവും സൗകര്യപ്രദവും സുരക്ഷിതവുമായ സൗകര്യങ്ങൾ നൽകാൻ ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ്. ഉയർന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

