ദുബൈയിൽ കഴിഞ്ഞ വർഷം മാറ്റിയത് 58,082 വിദേശ ലൈസൻസുകൾ
text_fieldsദുബൈ: 2025ൽ 57 രാജ്യക്കാരുടെ 58,082 വിദേശ ഡ്രൈവിങ് ലൈസൻസുകൾ യു.എ.ഇ ഡ്രൈവിങ് ലൈസൻസുകളായി മാറ്റിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു.
വിദേശ ലൈസൻസ് കൈവശമുള്ള താമസക്കാരുടെയും സന്ദർശകരുടെയും നടപടികൾ ലളിതമാക്കുകയും സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ലൈസൻസ് മാറ്റത്തിന് അർഹമായ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ച് ജി.സി.സി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിവ ഉൾപ്പെടും.
അടുത്തിടെ കിർഗിസ്ഥാൻ, കോസോവോ, നോർത്ത് മാസിഡോണിയ, ക്രൊയേഷ്യ, അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം എന്നിവ പട്ടികയിൽ ചേർത്തതായി ആർ.ടി.എ ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവർസ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്രാഫ് പറഞ്ഞു.ഡ്രൈവിങ് ലൈസൻസ് മാറ്റാനുള്ള സേവനം ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയോ ദുബൈയിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ലഭ്യമാണെന്ന് ആർ.ടി.എ അറിയിച്ചു.
അംഗീകൃത കേന്ദ്രങ്ങളിൽ കണ്ണ് പരിശോധന നടത്തുകയും സാധുവായ അസൽ ലൈസൻസ് സമർപ്പിക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. അപേക്ഷകൻ സ്വയം ഹാജരാകണം എന്നതും നിർബന്ധമാണ്. 2025 ഡിസംബർ അവസാനം വരെ ലഭ്യമായ കണക്കുകൾ പ്രകാരം, ലൈസൻസ് മാറ്റത്തിൽ യു.കെയാണ് ഒന്നാം സ്ഥാനത്ത്. 13,165 യു.കെ ലൈസൻസുകളാണ് മാറ്റിയത്. തുര്‍ക്കി (6,838), ചൈന (5,300) എന്നീ രാജ്യങ്ങളാണ് മുൻനിരയിലുള്ള മറ്റു രാജ്യങ്ങൾ.
സേവനം ദുബൈയെ ജീവിക്കാനും ജോലി ചെയ്യാനും ഉയർന്ന ജീവിതനിലവാരം നൽകുന്ന ഒരു ആഗോള കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

