ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി യു.എ.ഇ കപ്പൽ
text_fieldsഅൽ ഹംറിയ തുറമുഖത്തുനിന്ന് സഹായവുമായി ഗസ്സയിലേക്ക് പുറപ്പെട്ട കപ്പൽ
ദുബൈ: വെടിനിർത്തലിനെ തുടർന്ന് സമാധാനം കൈവന്ന ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി യു.എ.ഇ കപ്പൽ. രാജ്യത്തുനിന്ന് പുറപ്പെടുന്ന ഏറ്റവും വലിയ സഹായക്കപ്പലാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പുറപ്പെട്ടത്.
രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായ വസ്തുക്കൾ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് പുറപ്പെട്ടത്. അൽ ഹംറിയ തുറമുഖത്തുനിന്ന് ഭക്ഷണം, മരുന്നുകൾ, നിരവധി ആംബുലൻസുകൾ എന്നിവയടക്കമുള്ള വസ്തുക്കളാണ് കപ്പലിൽ കയറ്റിയത്.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.വെടിനിർത്തൽ നടപ്പിലായ സാഹചര്യത്തിൽ ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ റാശിദ് അൽ മൻസൂരി പറഞ്ഞു.
2023ൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപറേഷൻ ഗാലൻറ് നൈറ്റ്-3ന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻറ്, യു.എ.ഇയിലെ മാനുഷിക, ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സഹായങ്ങൾ എത്തിക്കുന്നത്. 500ലധികം വിമാനങ്ങൾ, ആറ് കപ്പലുകൾ, ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് സഹായം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 2,500 ലോറികൾ എന്നിവയാണ് 55,000 ടണ്ണിലധികം സഹായം എത്തിക്കാൻ ഇതിനകം ഉപയോഗിച്ചത്. ‘ബേർഡ്സ് ഓഫ് ഗുഡ്നെസ് ഓപറേഷന്റെ’ ഭാഗമായി പാരച്യൂട്ട് വഴി 3,700 ടണ്ണിലധികം മാനുഷിക സഹായവും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

