54-ാം ദേശീയ ദിനത്തിൽ 54 വെബ്സൈറ്റ്
text_fieldsയു.എ.ഇയുടെ ഓരോ ദേശീയ ദിനവും മലയാളികൾ പല രൂപത്തിലാണ് ആഘോഷിക്കാറ്. കാറുകളിൽ രാഷ്ട്രശിൽപികളുടെ ചിത്രങ്ങൾ പതിച്ചും സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിച്ചുമൊക്കെയുള്ള ആദരവുകൾ നമ്മൾ കണ്ടു കഴിഞ്ഞു. അത്തരത്തിൽ തികച്ചും വിത്യസ്തമായ രൂപത്തിൽ യു.എ.ഇക്ക് ആദരമർപ്പിച്ച ഒരാളെകൂടി നമുക്ക് പരിചയപ്പെടാം. ഇത് കാസർകോഡ് സ്വദേശി ബി.എം മുഹമ്മദ് സാബിർ. യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തിൽ വിത്യസ്തമായ രീതിയിൽ ആദരമർപ്പിക്കുകയാണ് സാബിർ. ദേശീയ ദിനത്തിൽ സാബിർ നിർമിച്ചത് യു.എ.ഇയുടെ ചരിത്രം, സാമ്പത്തിക വളർച്ച എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന 54 വെബ്സൈറ്റുകളാണ്. എട്ട് മണിക്കൂറും 27 മിനിറ്റും 20 സെക്കന്റുമെടുത്താണ് അത് പൂർത്തിയാക്കിയതെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഓരോ വെബ്സൈറ്റും സന്ദർശിച്ചാൽ വിത്യസ്ത വിഷയങ്ങളിൽ ഗഹനമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഗൂഗ്ൾ, സമൂഹ മാധ്യമങ്ങൾ, എ.ഐ പോലുള്ള നൂതന വിവര സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ചാണ് വിവരങ്ങൾ സാബിർ ശേഖരിച്ചത്. ആദ്യ വെബ്സൈറ്റ് ഒരു ഡൊമൈനിൽ നിർമിച്ച ശേഷം മറ്റ് വെബ്സൈറ്റുകളെല്ലാം സബ് ഡൊമൈനിൽ പൂർത്തിയാക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള സാബിർ യൂടുബുൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് വെബ്സൈറ്റ് നിർമാണവും രൂപകൽപനയും സ്വായത്തമാക്കിയത്. ബർദുബൈയിൽ ടൈപ്പിങ് സെന്റർ ബിസിനസുകൾക്ക് ഔട്ട്സോഴ്സിങ്ങിലൂടെ സേവനം ചെയ്തു നൽകുന്ന സാബിർ ഒഴിവ് വേളകൾ ഉപയോഗപ്പെടുത്തിയാണ് വെബ്സൈറ്റ് നിർമാണം പഠിച്ചെടുക്കുന്നത്. സാങ്കേതിക വിദ്യകളിൽ അതീവ തൽപരനായ സാബിർ നിലവിൽ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് ഓൺലൈനിലൂടെ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. കാസർഗോഡ് പുതുമണ്ണ് സ്വദേശി അബ്ബാസ് മൗലവിയുടെയും നഫീസയുടെയും മകനാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. വെബ്സൈറ്റ് രൂപകൽപനയിൽ കൂടുതൽ ഗവേഷണവും പഠനവും പൂർത്തിയാക്കിയ ശേഷം പ്രഫഷനൽ കമ്പനികളിൽ ജോലിതേടാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

