വിദ്യാഭ്യാസ വഖഫ് സ്വത്തുക്കളിൽ 52 ശതമാനം വളർച്ച
text_fieldsദുബൈ: കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികളെ പിന്തുണക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വിദ്യാഭ്യാസ രംഗത്തെ വഖ്ഫ് സ്വത്തുകളുടെ മൂല്യം 718 ദശലക്ഷം ദിർഹമിലെത്തിയതായി ഔഖാഫ് ദുബൈ (എൻഡോവ്‌മെന്‍റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടഷൻ) അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ രംഗത്ത് 52 ശതമാനമാണ് വർധന. 52 എൻഡോവ്മെന്റുകളിലായാണ് ആസ്തികൾ വഖ്ഫ് ചെയ്തിരിക്കുന്നത്. കെട്ടിടങ്ങൾ, ചെറുകിട യൂനിറ്റുകൾ, വില്ലകൾ എന്നിവ ഉൾപ്പെടെ 663 ദശലക്ഷം ദിർഹം വിലമതിക്കുന്ന 24 റിയൽ എസ്റ്റേറ്റ് എൻഡോവ്മെന്റുകളും ബോണ്ടുകൾ, ഷെയറുകൾ എന്നിവ അടങ്ങുന്ന 55 ദശലക്ഷം ദിർഹം വിമതിക്കുന്ന 28 എൻഡോവ്മെന്റുകളും ഇതിൽ ഉൾപ്പെടും. ഈ ആസ്തികളിൽ നിന്നുള്ള വരുമാനം 45 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിവിധ സ്കൂളുകൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഉപയോഗിക്കും. 2025ൽ യു.എ.ഇയിലും പുറത്തുമായി രജിസ്റ്റർ ചെയ്ത ഏതാണ്ട് 3100 വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോകതാക്കളായിട്ടുണ്ട്.
ഇവർക്കായി മൊത്തം 59 ലക്ഷം ദിർഹമിന്‍റെ സ്കോളർഷിപ്പുകളാണ് ഇതുവരെ അനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസം പിന്തുടരാനും അകാദമികമായ അഭിലാഷങ്ങൾ നേടാൻ പ്രാപ്തരാക്കുന്നതിലും വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഔഖാഫ് ദുബൈ സെക്രട്ടറി ജനറൽ അലി അൽ മുതവ പറഞ്ഞു. എൻഡോവ്‌മെന്‍റ് ആസ്തികളുടെ മൂല്യത്തിലുണ്ടായ 52 ശതമാനം വളർച്ച വിദ്യാഭ്യാസ മേഖലയിലെ പിന്തുണ വിപുലീകരിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഔഖാഫ് ദുബൈയിയുടെ തുടർച്ചയായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലകൾ വ്യാപിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ എണ്ണ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരും. വിദ്യാർഥികളെ അവരുടെ പ്രൊഫഷണൽ രംഗത്ത് മുന്നേറാൻ പ്രാപ്തരാക്കുന്നതിൽ എൻഡോവ്‌മെന്‍റ് ഫണ്ടുകളുടെ നിർണായക പങ്കുണ്ടെന്നും വിദ്യാഭ്യാസ രംഗത്തുള്ള നിക്ഷേപം യു.എ.ഇയുടെ ഭാവിയിലുള്ള നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

