കോർപറേറ്റ് നികുതിക്ക് രജിസ്റ്റർ ചെയ്ത് 5.2 ലക്ഷം സ്ഥാപനങ്ങൾ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം
ദുബൈ: യു.എ.ഇയിൽ കോർപറേറ്റ് നികുതിക്ക് രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 5.2 ലക്ഷത്തിലെത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് മൂല്യവർധിത നികുതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 4.7 ലക്ഷമാണ്. അബൂദബിയിലെ ഖസർ അൽ വത്നിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങൾ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയത്.
സാമ്പത്തിക സുസ്ഥിരതയെ പിന്തുണക്കുകയും യു.എ.ഇയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന നികുതി സമ്പ്രദായത്തിന്റെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തതായും സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (ഐ.എം.ഡി) വാർഷിക റിപ്പോർട്ട് പ്രകാരം നികുതി നയ കാര്യക്ഷമതയിൽ യു.എ.ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും നികുതി വെട്ടിപ്പ് ചെറുക്കുന്നതിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ഫെഡറൽ, പ്രാദേശിക നിയമനിർമാണങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു നിയമനിർമാണ ഭൂപടം വികസിപ്പിക്കുന്നതിനായി യു.എ.ഇ മന്ത്രിസഭക്കുള്ളിൽ റെഗുലേറ്ററി ലെജിസ്ലേറ്റീവ് ഇന്റലിജൻസിനായി ഒരു പുതിയ ഓഫിസ് സ്ഥാപിക്കുമെന്നും മന്ത്രിസഭ യോഗം അറിയിച്ചു. യു.എ.ഇയിലെ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളെയും കൃത്രിമബുദ്ധിയിലൂടെ ജുഡീഷ്യൽ വിധികൾ, എക്സിക്യൂട്ടിവ് നടപടിക്രമങ്ങൾ, പൊതുസേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു സമഗ്രമായ നിയമനിർമാണ പദ്ധതി സൃഷ്ടിക്കുന്നതിനായി ഈ ഓഫിസ് പ്രവർത്തിക്കും.
യു.എ.ഇയിൽ ഏറ്റവും മികച്ച ആഗോള നയങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നിരീക്ഷിക്കുന്നതിനായി ആഗോള ഗവേഷണ കേന്ദ്രങ്ങളുമായി ഇത് ബന്ധിപ്പിക്കപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
വ്യാവസായിക മേഖല മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 210 ശതകോടി ദിർഹം സംഭാവന ചെയ്യുന്നതായും കഴിഞ്ഞ നാല് വർഷത്തിനിടെ ഇതിൽ 59 ശതമാനം വളർച്ച കൈവരിച്ചതായും ശൈഖ് മുഹമ്മദ് പറഞ്ഞു. 2023ൽ യു.എ.ഇ കോപ് 28ന് ആതിഥേയത്വം വഹിക്കുന്നതിനിടെ പ്രഖ്യാപിച്ച ഗ്ലോബൽ അലയൻസ് ഫോർ എനർജി എഫിഷ്യൻസിക്ക് തുടക്കമിടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.