പൂച്ചകളെ മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവം വിവരം നൽകിയാൽ 5,000 ഡോളർ പാരിതോഷികം
text_fieldsഅബൂദബി: അബൂദബിയിലെ മരൂഭൂമിയിൽ പൂച്ചകളെയും നായ്ക്കളെയും കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവർക്ക് 5,000 ഡോളർ (18,350 ദിർഹം) പാരിതോഷികം. മൃഗങ്ങളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ‘പെറ്റ’യാണ് കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
വെള്ളവും ഭക്ഷണവും കിട്ടാത്ത ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മിണ്ടാപ്രാണികളെ ഉപേക്ഷിച്ച നടപടി അങ്ങേയറ്റം ഹീനമാണെന്നും പ്രതികളെ പിടികൂടാനും ശിക്ഷ ഉറപ്പാക്കാനും ഉതകുന്ന വിവരങ്ങൾ പൊലീസിന് കൈമാറുന്നവർക്ക് 5,000 ഡോളർ പാരിതോഷികം നൽകുമെന്നും വാർത്ത ഏജൻസിയായ എ.എഫ്.ബിക്ക് നൽകിയ പ്രസ്താവനയിൽ പെറ്റ ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് ജാസൺ ബേക്കർ പറഞ്ഞു.
സംഭവത്തിൽ അബൂദബി സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അബൂദബിയിലെ അൽഫല മേഖലയിലാണ് 150ലധികം പൂച്ചകളെയും ചില നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ചൂടിൽ ഇവയിൽ 62 എണ്ണം ചത്തു. 90 എണ്ണത്തിനെ മൃഗസ്നേഹികൾ രക്ഷപ്പെടുത്തി. മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ ഇവയുടെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ, ഗതാഗത വകുപ്പ് എന്നിവ അന്വേഷണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

