സഫാരി പാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
text_fieldsദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാര്‍ക്കില്‍ പ്രവേശന ടിക്കറ്റില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ശനി മുതല്‍ ചൊവ്വ വരെ 25 ദിര്‍ഹത്തിന് സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാം. സാധാരണ 50 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനായി എക്‌സ്‌പ്ലോറര്‍ സഫാരി ടൂര്‍, ഷട്ടില്‍ ട്രെയിന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സഫാരി ബണ്ടില്‍ ടിക്കറ്റുകള്‍ 100 ദിര്‍ഹമിനും ലഭ്യമാക്കും. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്.
‘യുനൈറ്റഡ് ഇന്‍ നേച്ചര്‍’ എന്ന പ്രമേയത്തിലാണ് പാര്‍ക്കില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പൈതൃകവും ദേശീയതയും പ്രകൃതിയും വന്യജീവികളും, കുടുംബ സൗഹൃദ വിനോദങ്ങള്‍, പ്രതിബിംബവും പ്രതിജ്ഞയും എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ് ആഘോഷപരിപാടികള്‍ നടത്തുക.പൈതൃകവും ദേശീയതയും എന്ന വിഭാഗത്തിലെ ഫ്ലവേഴ്‌സ് ഓഫ് ദ യൂനിയന്‍ എന്ന പ്രമേയത്തിലെ മജ്‍ലിസ് കിയോസ്‌കില്‍ പരമ്പരാഗത ഇമാറാത്തി നൃത്തം, മൈലാഞ്ചി, ലുഖൈമത്ത്, അറബിക് കാപ്പി എന്നിങ്ങനെ ഇമാറാത്തി പാരമ്പര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ അരങ്ങേറും.
ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സന്ദര്‍ശകരില്‍ അവബോധം വളര്‍ത്താനാണ് ‘പ്രകൃതിയും വന്യജീവികളും’ ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒട്ടേറെ ആകര്‍ഷണങ്ങളാണ് കുടുംബ സൗഹൃദ വിനോദ വിഭാഗത്തിലുള്ളത്. കരകൗശല വസ്തു നിര്‍മാണത്തിലും ഫേസ് പെയിന്‍റിങ്ങിലും പങ്കെടുക്കുന്നതിനൊപ്പം ഭംഗിയുള്ള ചിത്രങ്ങളെടുക്കാന്‍ ഫോട്ടോ ബൂത്തുകളുമുണ്ടാകും.
യു.എ.ഇയുടെ പരമ്പരാഗത കഥ പറച്ചിലുമായി ‘വോയ്സ് ഓഫ് ദ യൂനിയനും’ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ‘യുനൈറ്റഡ് ഫോര്‍ വൈൽഡ് ലൈഫ്’ എന്ന പ്രതിജ്ഞയും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സഫാരി പാര്‍ക്കില്‍ സംഘടിപ്പിക്കും. രാജ്യത്തിന്‍റെ പൈതൃകത്തെ സഫാരി പാര്‍ക്കിന്‍റെ കഥയുമായി ബന്ധിപ്പിക്കാന്‍ ‘54 & ദ സെവന്‍ എമിറേറ്റ്‌സ്’ ഫോട്ടോ സ്‌പോട്ടും സജീവമാകും. വ്യത്യസ്തയിനങ്ങളിലുള്ള 3000ത്തോളം മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് സഫാരി പാര്‍ക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

