ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം: അഞ്ച് മരണം, ആറ് പേർക്ക് പരിക്ക്
text_fieldsഷാർജയിൽ തീപിടിത്തമുണ്ടായ കെട്ടിടം
ഷാർജ: എമിറേറ്റിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. അൽ നഹ്ദയിലെ റെസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച രാവിലെ 11.30നാണ് അപകടം.
മരിച്ചവരിൽ ഒരാൾ പാകിസ്താനിയാണ്. ഹൃദയാഘാതമാണ് ഇയാളുടെ മരണ കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റാണ് മറ്റ് നാലു പേരുടെയും മരണം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവർ ആഫ്രിക്കൻ പൗരൻമാരാണെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട വിവരം റിപോർട്ട് ചെയ്ത ഉടനെ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് തീ പൂർണമായി നിയന്ത്രവിധേയമാക്കിയിട്ടുണ്ട്. ഒന്നിലധികം ഫയർ യൂനിറ്റുകൾ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. ആംബുലൻസ്, പൊലീസ് ടീമുകളും രക്ഷാ ദൗത്യത്തിനായി എത്തിയിരുന്നു.
കെട്ടിടത്തിൽനിന്ന് താമസക്കാരെ പൂർണമായി ഒഴിപ്പിച്ച ശേഷമാണ് തീയണക്കാനുള്ള നടപടികൾ ആരംഭിച്ചത്. പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആരുടെയും നില ഗുരുതമല്ലെന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിന്‍റെ പരിസര പ്രദേശങ്ങളിലും കറുത്ത പുക ഉയർന്നിരുന്നു.
പൊതുജന സുരക്ഷ കണക്കിലെടുത്ത പരിസരങ്ങൾ അധികൃതർ വളയുകയും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചവർ തിരികെ പ്രവേശിച്ചിട്ടില്ല. ഇവർ കെട്ടിടത്തിന് പുറത്ത് കാത്തിരിക്കുകയാണ്. തീപിടിത്ത കാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്തും.
കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തം ആദ്യ കണ്ടതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഷാർജ സെന്‍ററിന്‍റെ എതിർ വശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
എമിറേറ്റിലെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നാണിത്. അതേസമയം, ഞായറാഴ്ച വ്യവസായ മേഖലയിലെ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ് വെയർ ഹൗസിലും തീപിടിത്തമുണ്ടായതായി റിപോർട്ടുണ്ട്. സിവിൽ ഡിഫൻസ് ഉടൻ സംഭവസ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.