പരസ്യമേഖലയിൽ 47 വർഷം; രമേശ് ബാബുവിന് ലോക റെക്കോഡ്
text_fieldsരമേശ് ബാബു
ദുബൈ: പരസ്യമേഖലയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചതിനുള്ള ഗിന്നസ് റെക്കോഡ് മലയാളിയായ രമേശ് ബാബുവിന്. 47വർഷവും 77ദിവസവും(1977 ജൂൺ 12മുതൽ 2024 ആഗസ്റ്റ് 28വരെ) പ്രിന്റ് പരസ്യമേഖലയിൽ സുദീർഘമായ കാലം പ്രവർത്തിച്ചതിന്റെ അംഗീകാരമായാണ് റെക്കോഡ് ലഭിച്ചിരിക്കുന്നത്.
യു.എ.ഇയിലെ പരസ്യ വ്യവസായ രംഗത്തെ ഏറ്റവും മുതിർന്ന വ്യക്തിത്വമായി അറിയപ്പെടുന്നയാളാണ് കണ്ണൂർ സ്വദേശി കൂടിയായ രമേശ്. ഡിജിറ്റൽ സംവിധാനങ്ങൾ വരുന്നതിന് മുമ്പ് കൈകൊണ്ട് പരസ്യങ്ങൾ രൂപകൽപന ചെയ്തിരുന്നതിൽ വിദഗ്ധനായിരുന്നു. ആദ്യകാലത്ത് കലിഗ്രഫി പേനകളും സ്പ്രേ പെയിൻറുകളും ഉപയോഗിച്ചായിരുന്നു പരസ്യങ്ങൾ വരച്ചെടുത്തിരുന്നത്. യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ്, അറബ് മാധ്യമങ്ങൾക്ക് വേണ്ടിയെല്ലാം ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമ’ത്തിനുവേണ്ടിയും നിരവധി പരസ്യങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.
1974 ഏപ്രിൽ 16ന് മുബൈയിൽനിന്ന് കപ്പൽ വഴിയാണ് രമേശ് ദുബൈയിൽ എത്തിച്ചേരുന്നത്. നാട്ടിലായിരിക്കുമ്പോൾതന്നെ വരയിലും ഡിസൈനിങ്ങിലും കഴിവ് തെളിയിച്ചിരുന്നു. പ്രവാസത്തിന്റെ ആദ്യ കാലത്ത് പല ജോലികളും ചെയ്ത ശേഷമാണ് പരസ്യമേഖലയിൽ പ്രവേശിക്കുന്നത്. 1977ൽ അജ്മാനിൽ നയന ഇന്റർനാഷനൽ എന്ന പേരിലാണ് സ്വന്തമായി കമ്പനി ആരംഭിക്കുന്നത്. പിന്നീട് ഇത് 1982ൽ ‘ഐ അഡ്വർടൈസിങ്’ എന്ന പേരിൽ റീബ്രാൻഡ് ചെയ്തു. പിന്നീട് 1992ൽ അൽ ഉയൂൻ അഡ്വർടൈസിങ് എന്ന പേരിൽ ദുബൈയിൽ കമ്പനി ആരംഭിച്ചു.
ദുബൈ ബനിയാസ് സ്ക്വയറിലെ നിലവിലെ ഓഫിസിൽ പ്രവർത്തനം ആരംഭിക്കുന്നത് അങ്ങനെയാണ്. അരനൂറ്റാണ്ടുകാലം യു.എ.ഇയിൽ പ്രവർത്തിച്ച രമേശിന്റെ ബനിയാസിലെ ഓഫിസ് പഴയ കാലത്തെ പരസ്യങ്ങളുടെ ഒരു മ്യൂസിയം തന്നെയായി മാറിയിട്ടുണ്ട്. പത്രങ്ങൾക്ക് പുറമെ, റേഡിയോ, ടി.വി, സിനിമ പരസ്യങ്ങളും രൂപകൽപന ചെയ്തിട്ടുണ്ട്. യു.എ.ഇയിലെ പ്രമുഖ പത്രങ്ങളിൽ ആദ്യമായി പ്രസിദ്ധീകരിച്ച പരസ്യങ്ങൾ രൂപകൽപന ചെയ്യാൻ സഹായിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്നും, ഗിന്നസ് റെക്കോഡ് നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്നും രമേശ് ബാബു പറയുന്നു. ഈ വഴിയിൽ സഹായിച്ച സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറയുന്ന അദ്ദേഹം, പുതുതലമുറ ഈ മേഖലയെ മുന്നോട്ടുനയിക്കണമെന്നും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

