പത്തു മാസത്തിനിടെ നടന്നത് 47 ലക്ഷം വിസ, തൊഴിൽ ഇടപാടുകൾ
text_fieldsദുബൈ: യു.എ.ഇയിൽ പത്തു മാസത്തിനിടെ നടന്നത് 47 ലക്ഷം വിസ, തൊഴിൽ ഇടപാടുകൾ. സർക്കാർ സംവിധാനങ്ങളും ഇടപാടുകളും ഡിജിറ്റൽവത്കരിച്ചതോടെയാണ് ഇടപാടുകളുടെ എണ്ണം അതിവേഗം കുതിച്ചുയർന്നത്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത്. മാനവ വിഭവശേഷി എമിറൈറ്റൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് എന്നിവയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഉപഭോക്താക്കൾക്ക് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉപകരിച്ചത്.
ഇരു വകുപ്പുകളും ചേർന്ന് 35 സേവനങ്ങളാണ് നൽകുന്നത്. അതിൽ 23 എണ്ണവും ബിസിനസുകാർക്കും വീട്ടുജോലിക്കാരെ നിയമിക്കുന്ന കുടുംബങ്ങൾക്കും ഉപകാരപ്പെടുന്നതാണ്. 12 എണ്ണം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വേണ്ടിയാണ്. രണ്ട് വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാധ്യമായതോടെ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയുന്നുണ്ട്.
ആകെ നടന്ന 47 ലക്ഷം ഇടപാടുകളിൽ 12 ലക്ഷവും പുതിയ കരാർ, ഗാർഹിക തൊഴിലാളികളുടെ റസിഡൻസി പെർമിറ്റ്, തൊഴിലുടമ മാറൽ, വർക്ക് പെർമിറ്റ് റദ്ദാക്കൽ, തൊഴിൽ കരാർ റദ്ദാക്കൽ, തൊഴിലാളിയെ കാണാനില്ലെന്ന പരാതി എന്നിവയുമായി ബന്ധപ്പെട്ടാണ്.സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ എണ്ണം 35 ലക്ഷമായി ഉയർന്നു.എൻട്രി ഡേറ്റ് പരിശോധന, ലേബർ കാർഡ് റദ്ദാക്കൽ, ഗോൾഡൻ വിസ, താൽക്കാലിക ജോലി പെർമിറ്റ്, പാർട്ട് ടൈം ജോലി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് സ്വകാര്യ മേഖലയിൽ കൂടുതൽ ഇടപാടുകൾ നടന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

