44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsകുടുംബം പോലെ ഫാഷിസ്റ്റ് സംവിധാനം വേറെയില്ല -കെ.ആർ. മീര
ഷാർജ: കുടുംബം പോലൊരു ഫാഷിസ്റ്റ് സംവിധാനം വേറെയില്ലെന്ന് പ്രമുഖ എഴുത്തുകാരി കെ.ആർ. മീര. എല്ലാത്തരം ആക്രമണങ്ങളും വീട്ടിൽ നിന്നാണ് തുടങ്ങുന്നത്. ഫാഷിസം ഒരു വിരുന്നാണെങ്കിൽ സ്ത്രീവിരുദ്ധതയാണ് അതിന്റെ തീ. പിതൃമേധാവിത്വമാണ് അതിന്റെ അടുപ്പ്. സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ വീട്ടിൽ സമത്വമുണ്ടാകണം.
ഷാർജ പുസ്തകോത്സവത്തിൽ കെ.ആർ. മീര സംസാരിക്കുന്നു
സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കിൽ സ്ത്രീ തന്നെ വിചാരിക്കണം. എഴുത്തിനും ബോധവത്കരണ ക്ലാസുകൾക്കും അത് ചെയ്യാനാവില്ല. സ്വയം ശാക്തീകരിക്കാൻ തയാറാവുന്ന സ്ത്രീയെ ആർക്കും തടയാൻ സാധിക്കില്ല. സ്ത്രീക്ക് രഹസ്യങ്ങൾ പാടില്ലെന്നാണ് സമൂഹം വിചാരിക്കുന്നത്.
അവളുടേത് മാത്രമായി ഒരു പുഞ്ചിരി പോലും പാടില്ലെന്ന ശാഠ്യം സമൂഹത്തിനുണ്ട്. ആൺകോയ്മ അല്ലെങ്കിൽ പിതൃമേധാവിത്വം നിലനിൽക്കുന്നതുപോലും സ്ത്രീയുടെ ചിരിയെ നിയന്ത്രിച്ചുകൊണ്ടാണ്. സ്ത്രീ മനസ്സുതുറന്ന് ചിരിക്കുന്നത് മറ്റ് സ്ത്രീകൾക്കുപോലും ഇഷ്ടമല്ല എന്നതാണ് യാഥാർഥ്യം. എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാൻ ശ്രമിച്ചിട്ട് നടന്നില്ലെന്നും ‘ആരാച്ചാരുടെ’ കഥാകാരി പറഞ്ഞു. ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അവർ. താനൊരു സൈക്കോ എഴുത്തുകാരിയാണെന്നും ക്രൂരമായ കാര്യങ്ങളാണ് എഴുതിവെക്കുന്നതെന്നും ജെൻ സി പിള്ളേര് പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ചില കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെയൊക്കെ എഴുതിയിട്ടുപോലും ആണെഴുത്തുകാരുടെ കൂടെ പിടിച്ചുനിൽക്കാൻ വലിയ പ്രയാസമാണെന്നും മീര പറയുന്നു. പഴയതുപോലെ നിലാവ്, ചന്ദ്രൻ, പുഴ എന്നിവയെക്കുറിച്ചൊക്കെ എഴുതിയാൽ തന്നെ വെച്ചേക്കുമോ.
എഴുതുന്ന സ്ത്രീകളെ പുരുഷന്മാർ പ്രോത്സാഹിപ്പിക്കാറില്ല. എവിടെയെങ്കിലും ചവിട്ടിത്താഴ്ത്താൻ ഇടമുണ്ടെങ്കിൽ അത് ചെയ്തിരിക്കുമെന്നും മീര പറഞ്ഞു. എഴുത്തുകാരിയും അധ്യാപികയുമായ ഗീതാഞ്ജലി മോഡറേറ്ററായിരുന്നു.
അഡ്വ. പി.എ. പൗരന്റെ ആത്മകഥ പ്രകാശനം 15ന്
ഗൂസ്ബെറിയാണ് പ്രസാധകർ
ഷാർജ: കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരന്റെ ആത്മകഥ ‘പൗരൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യും. നവംബർ 15ന് വൈകീട്ട് ആറിനും ഏഴിനും ഇടയിൽ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. അഞ്ചുപതിറ്റാണ്ടായി മനുഷ്യാവകാശ, പൗരാവകാശ മേഖലകളിൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ശ്രദ്ധേയനായ അഭിഭാഷകൻ തന്റെ ഏഴരപ്പതിറ്റാണ്ട് നീണ്ട ജീവിതം ചുരുക്കിപ്പറയുകയാണ് ‘പൗരൻ’ എന്ന ആത്മകഥയിലൂടെ.
‘ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങിച്ചിനുങ്ങി’ പ്രകാശനം
ഷാർജ: സാമൂഹിക പ്രവർത്തകനും ചാവക്കാട് നഗരസഭ മുൻ കൗൺസിലറുമായ പി. യതീന്ദ്രദാസ് എഴുതിയ ആത്മകഥ പ്രകാശനം ചെയ്തു. ഫാത്തിമ ഗ്രൂപ് ചെയർമാൻ ഇ.പി. മൂസാ ഹാജി, ഡോ. അഭിരാജ് പൊന്നരാശ്ശേരി, ഡോ. സരിൻ എന്നിവർ പുസ്തക പ്രകാശനം നിർവഹിച്ചു. സലീം നൂർ പുസ്തക പരിചയം നടത്തി. പുന്നക്കൻ മുഹമ്മദലി, റാഫി പട്ടേൽ, ഡോ. സൗമ്യ സരിൻ, തസ്നി നിഷാദ്, ഷാബു തോമസ്, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി. ചിരന്തന ബുക്സാണ് പ്രസാധകർ.
‘ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങിച്ചിനുങ്ങി’ പ്രകാശനം ചെയ്യുന്നു
‘പകൽക്കറുപ്പ്’ പ്രകാശനം ചെയ്തു
ഷാർജ: റഫീഖ് ബിൻ മൊയ്ദുവിന്റെ മൂന്നാമത് കവിതാ സമാഹാരം ‘പകൽക്കറുപ്പ്’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സ്കൂൾ വിദ്യാർഥിനിയും രണ്ട് ഇംഗ്ലീഷ് നോവലുകളുടെ രചയിതാവുമായ അനാമിക പ്രവീൺ, റഫീക്കിന്റെ സഹോദരപുത്രിമാരും സ്കൂൾ വിദ്യാർഥിനികളുമായ ഫാത്തിമ, സൈനബ് തുടങ്ങിയവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അൽ മദീന ഗ്രൂപ് ചെയർമാൻ പൊയിൽ അബ്ദുല്ല, കെ.എൽ.പി യൂസുഫ്, കവികളായ ബഷീർ തിക്കോടി, ജാസ്മിൻ അമ്പലത്തിലകത്ത്, പ്രതാപൻ തായാട്ട്, അസീസ് പാലത്തായി തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൈരളി ബുക്സാണ് പ്രസാധകർ.
റഫീഖ് ബിൻ മൊയ്ദുവിന്റെ മൂന്നാമത് കവിതാ സമാഹാരം ‘പകൽക്കറുപ്പ്’ അനാമിക പ്രവീൺ പ്രകാശനം ചെയ്യുന്നു
‘ടീച്ചിങ് ഈസ് എ നോബിൾ പ്രഫഷൻ’ പ്രകാശനം
ഷാർജ: ‘ടീച്ചിങ് ഈസ് എ നോബിൾ പ്രഫഷൻ’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി. കെ.വി രാധാകൃഷ്ണൻ മാസ്റ്ററാണ് ഗ്രന്ഥകാരൻ. ഷോർട്ട് ഫിലിം ഡയറക്ടർ ഷാജി എൻ. പുഷ്പാംഗതനാണ് പ്രകാശനം നിർവഹിച്ചത്. മലയാളം അധ്യാപകൻ ഷാജഹാൻ സുകുമാരൻ ആദ്യപ്രതി ഏറ്റുവാങ്ങി. മുഹമ്മദ് അമീൻ, അനിൽ കുമാർ, ടി.വി. പ്രനോജ്, കെ. അഷ്റഫ്, എ. നൗഫൽ എന്നിവർ ആശംസയർപ്പിച്ചു. പുസ്തകത്തെ പരിചയപ്പെടുത്തി രഘു നന്ദൻ ആമുഖഭാഷണം നടത്തി.
കെ.വി. രാധാകൃഷ്ണൻ മാസ്റ്ററുടെ പുസ്തകം ‘ടീച്ചിങ് ഈസ് നോബിൾ പ്രഫഷൻ’ ഷാജി എൻ. പുഷ്പാംഗതൻ, ഷാജഹാന് നൽകി പ്രകാശനം ചെയ്യുന്നു
‘അത്രമേല്‍ പ്രിയം’ പ്രകാശിതമായി
ഷാര്‍ജ: കേരളം സാംസ്കാരികമായി ഏറെ കരുത്തുള്ള ദേശമാണെന്ന് പ്രശസ്ത അറബ് കവയിത്രി ഡോ. മറിയം അല്‍ ഷിനാസി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഷബീന നജീബിന്റെ അഞ്ചാമത് പുസ്തകം ‘അത്രമേല്‍ പ്രിയം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തില്‍ പ്രമുഖ വ്യവസായി മുഹമ്മദ് മദനിക്ക് നല്കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രണ്ടു ദശാബ്ദങ്ങളായുള്ള തന്റെ കേരള ബന്ധം അവര്‍ ഓര്‍ത്തെടുത്തു. പ്രതാപൻ തായാട്ട്, ഡോ. പ്രദീപ്കുമാർ കറ്റോട്, എം.എ. ഷഹനാസ്, അഫ്രീന അഷ്റഫ് എന്നിവർ സംസാരിച്ചു. ഷബീന നജീബ് മറുപടി പ്രസംഗം നടത്തി.
ഷബീന നജീബിന്റെ ‘അത്രമേല്‍ പ്രിയം’ പുസ്തകം
ഡോ. മറിയം അല്‍ ഷിനാസി പ്രകാശനം ചെയ്യുന്നു
സ്റ്റാറായി ‘സ്റ്റാർസ് മാജിക്കൽ വിസ്പർ’
ഷാർജ: രണ്ടാം ക്ലാസുകാരി സഹോദരന് വേണ്ടി സമർപ്പിച്ച പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ വേറിട്ട കാഴ്ചയായി. പ്രവാസി ദമ്പതികളുടെ മകളും ദുബൈ സ്കോളാർസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ജുയെസ്റ്റ രഞ്ജുവിന്റെ (ഏഴ്) ‘സ്റ്റാർസ് മാജിക്കൽ വിസ്പർ’ ആണ് പ്രകാശനം ചെയ്തത്. എഴുത്തിനൊപ്പം പഠനത്തിലും മിടുക്കിയായ ജുയെസ്റ്റയുടെ ആദ്യ പുസ്തകമാണിത്. 12ാം ക്ലാസുകാരനായ സഹോദരൻ ജുവാന്റെ പ്രോത്സാഹനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് നന്നേ ചെറുപ്രായത്തിൽ തന്നെ കഥാരചനയിലേക്ക് ജുയെസ്റ്റയെ എത്തിച്ചത്. എന്നാൽ, കഥാരചനയിൽ മാത്രം ഒതുങ്ങുന്നതല്ല ജുയെസ്റ്റയുടെ കഴിവുകൾ. നൃത്തം, സംഗീത പഠനം, സ്കേറ്റിങ് എന്നിവയിലും മിടുക്കിയാണീ രണ്ടാം ക്ലാസുകാരി.
ദുബൈയിൽ ഗൈഡ് ടു കരിയർ കൺസൽട്ടൻസി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ജുയെസ്റ്റയുടെ പിതാവ് രഞ്ജു. മാതാവ് അനുമോഹൻ ലാ ഡൗസർ കൺസൽട്ടൻസി മാനേജിങ് ഡയറക്ടറാണ്.
ഇ.പി ജയരാജനൊപ്പം
ജുയെസ്റ്റ രഞ്ജു
‘കാട്ടുനെല്ലിക്ക’ പുസ്തക പ്രകാശനം
ഷാർജ: ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ എഴുതിയ ‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം ഇമാറാത്തി എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോ. മറിയം ഷിനാസി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സന്ധ്യ രഘുകുമാർ പുസ്തകം ഏറ്റുവാങ്ങി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട് അധ്യക്ഷത വഹിച്ചു. റെജി അബ്ദുല്ല, എൻ.എൻ. അബ്ദുൽ ഗഫൂർ, അംന തസ്കിയ, അഷ്റഫ് ബഷീർ ഉളിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിതം ബുക്സ് കോഴിക്കോടാണ് പ്രസാധകർ. അഡ്വ. പ്രവീൺ കുമാർ അവതാരകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പിൽ മറുപടി പ്രസംഗം നടത്തി.
സുബൈദ കോമ്പിൽ എഴുതിയ ‘കാട്ടുനെല്ലിക്ക’ ഡോ. മറിയം ഷിനാസി
പ്രകാശനം ചെയ്യുന്നു
ജഹാംഗീർ ഇളയേടത്തിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരൻ ജഹാംഗീർ ഇളയേടത്തിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
‘കളം നിറഞ്ഞൊഴുകി തനുശ്രീ’ എന്ന ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച മലയാള ചെറുകഥ സമാഹാരം സിനിമ സംവിധായകൻ തമർ, കവി അനൂപ് ചന്ദ്രന് നൽകി നിർവഹിച്ചു. ‘അലുമ്നി പോർട്ടൽ’ എന്ന ഐവറി ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ചെറുകഥ സമാഹാരം ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് എഴുത്തുകാരൻ അർഷാദ് ബത്തേരിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ എഴുത്തുകാരൻ ഷാജി ഹനീഫ്, പെർഫ്യൂം ഡിസൈനർ ഫൈസൽ സി.പി തുടങ്ങിയവർ പങ്കെടുത്തു.
ജഹാംഗീർ ഇളയേടത്തിന്റെ ‘അലുമ്നി പോർട്ടൽ’ എന്ന പുസ്തകം ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് എഴുത്തുകാരൻ അർഷാദ് ബത്തേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു
‘ഓർമകളിലെ ചിരാത്’ പ്രകാശനം
ഷാർജ: ഹാരിസ് അഹ്മദിന്റെ രണ്ടാമത്തെ പുസ്തകമായ ‘ഓർമകളിലെ ചിരാത്’ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു.അൽ മദീന ഗ്രൂപ് ചെയർമാൻ അബ്ദുല്ല പൊയിൽ രചയിതാവിന്റെ പേരക്കുട്ടികളായ സൈനബ്, റിഹാൻ എന്നിവർക്ക് പുസ്തകം കൈമാറി നിർവഹിച്ചു.
ചടങ്ങിൽ കെ.എൽ.പി യൂസുഫ്, പ്രതാപൻ തായാട്ട്, ബഷീർ തിക്കോടി, ഹാറൂൻ കക്കാട്, ജാസ്മിൻ അമ്പലത്തിലകത്ത് തുടങ്ങിയവർ പങ്കെടുത്തു. ഹരിതം ബുക്സാണ് പ്രസാധകർ.
ഹാരിസ് അഹ്മദിന്റെ ‘ഓർമകളിലെ ചിരാത്’ പുസ്തകം അല്‍ മദീന ഗ്രൂപ്പ ചെയര്മാന് അബ്ദുല്ല പൊയില്‍ സൈനബ്, റിഹാന് എന്നീ കുട്ടികള്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു
അക്ഷരപ്രഭ പുരസ്കാരം നൽകും
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇ വർഷം പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങളിൽ നിന്നും വായനക്കാർ തിരഞ്ഞെടുക്കുന്ന മികച്ച പുസ്തകത്തിന് മഹാത്മാഗാന്ധി കൾചറൽ ഫോറം ഇൗ വർഷം മുതൽ ബുക്ക് ഓഫ് ഫെയർ അവാർഡ് നൽകും. ‘അക്ഷരപ്രഭ’ എന്ന പേരിലാണ് അവാർഡ് നൽകുക. 25000 രൂപയുടെ കാഷ് പ്രൈസും അക്ഷര ശിൽപവും പ്രശംസാ പത്രവുമാണ് പുരസ്കാരം.
വായനക്കാർ നിർദേശിക്കുന്ന പുസ്തകങ്ങളിൽ നിന്നും പത്തു രചനകൾ വിലയിരുത്തി പ്രത്യേക ജൂറി ആണ് അവാർഡ് നിശ്ചയിക്കുക. സാഹിത്യകാരൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലാണ് ജൂറി. ജൂറി നിശ്ചയിക്കുന്ന അവാർഡിനുപുറമെ ഏറ്റവും അധികം നിർദേശങ്ങൾ ലഭിക്കുന്ന ഒരു കൃതിക്ക് അക്ഷരശ്രീ പുരസ്കാരവും നൽകും. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. തിരഞ്ഞെടുക്കപ്പെടുന്ന പത്തു വായനക്കാർക്കും സമ്മാനങ്ങൾ നൽകും. ഷാർജ അന്താരാഷ്ട്ര പുസ്തക വേദിയിൽ സ്ഥാപിച്ചിരിക്കുന്ന ബുക്ക് ഓഫ് ഫെയർ ബോക്സുകളിൽ വായനക്കാർക്ക് പുസ്തക അഭിപ്രായങ്ങൾ സമർപ്പിക്കാമെന്ന് ജൂറി ചെയർമാൻ ബഷീർ തിക്കോടി, എം.ജി.സി.എഫ് പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളി, പി.ആർ. പ്രകാശ് തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

