44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsസൗഹൃദം തകരുന്നത് ഹൃദയഭേദകം -പ്രജക്ത കോലി
ഷാർജ: ജെൻ സിയുടെ ചോദ്യ ശരങ്ങൾക്ക് വെടിക്കെട്ട് മറുപടി നൽകി പ്രമുഖ യൂട്യൂബറും നടിയും ഉള്ളടക്ക നിർമാതാവുമായ പ്രജക്ത കോലി. യഥാർഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രജക്ത കോലി പറഞ്ഞു. ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. കഥകളിൽ കാണുന്ന വിധമുള്ള പ്രണയ നായകരെ പ്രേമിക്കാൻ പോയാൽ നമ്മൾ ജയിലിലാവുമെന്നും പ്രജക്ത പറഞ്ഞു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സദസ്സുമായി സംവദിക്കുന്ന പ്രജക്ത കോലി
തന്റെ ആദ്യ നോവലായ ‘റ്റൂ ഗുഡ് ടു ബി ട്രു’ എന്ന പുസ്തകത്തെ ആധാരമാക്കി ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. സൗഹൃദം തകരുന്നത് ഹൃദയഭേദകമാണ്. കഥകളിലെ കാമുകന്മാരെ യഥാർഥ ജീവിതത്തിലെ കാമുകന്മാരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും അവർ വ്യക്തമാക്കി.
ഇരുണ്ട പ്രണയകഥകളോട് പൊതുവേ താൽപര്യമില്ലെന്ന് പ്രജക്ത വിശദീകരിച്ചു. വായിച്ച അത്തരം ഒരു നോവൽ ഏറെക്കാലം മനസ്സിനെ അലട്ടിയിരുന്നു. അത്തരം പ്രമേയങ്ങളെ മഹത്വവത്കരിക്കുന്ന വായനക്കാരുണ്ട്. ഇത്തരം അഭിരുചികൾ വ്യക്തിനിഷ്ഠമാണ്. ആരാധകർക്ക് പുസ്തകം ഒപ്പുവെച്ച് നൽകിയും ഫോട്ടോ എടുത്തും പ്രചോദാത്മകമായ വാക്കുകൾ പങ്കുവെച്ചും ജെൻ സിയെ കൈയിലെടുത്താണ് ഷാർജ എക്സ്പോ സെന്ററിലെ ഇന്റലക്ച്വൽ ഹാളിൽനിന്ന് പ്രജക്ത മടങ്ങിയത്. ഗൾഫ് ന്യൂസ് എന്റർടൈൻമെന്റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
സർഗ രചനയിൽ എ.ഐക്ക് സ്ഥാനമില്ല -ബുക്കർ ജേതാവ് പോൾ ലിഞ്ച്
ഷാർജ: നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗ ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികവുമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച്. ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ ഷാർജ പുസ്തകോത്സവത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുക്കർ ജേതാവ് പോൾ ലിഞ്ച് ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ’ എന്ന വിഷയത്തിൽ ഷാർജ പുസ്തകോത്സവത്തിൽ സംസാരിക്കുന്നു
എ.ഐയുടെ കടന്നുവരവ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പ്രോഫറ്റ് സോങ്’ എന്ന ബുക്കർ സമ്മാനം നേടിയ നോവലിന്റെ എട്ടാം അധ്യായം എഴുതാൻ മാസങ്ങളെടുത്തു. ചില രചനാ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ സർഗാത്മകത നിലച്ചുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ലിഞ്ച് വിശദീകരിച്ചു.
വായനക്കാരോട് സത്യസന്ധത പാലിക്കണമെങ്കിൽ വസ്തുതകളെക്കുറിച്ച് എഴുതുമ്പോൾ അതിലേക്ക് ആഴ്ന്നിറങ്ങണം. അപ്പോൾ വായനക്കാരൻ കൂടെ വരും. എന്നാൽ, പലപ്പോഴും അത്തരം മാനസിക ഭാവങ്ങളുടെ തടവറയിൽ ഏറെക്കാലം കഴിയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.
‘ചിരിപ്പിച്ചു മറഞ്ഞവർ’ പ്രകാശനം ചെയ്തു
ഷാർജ: ഡോ. മനു വർഗീസ് കുളത്തങ്കലിന്റെ ‘ചിരിപ്പിച്ചു മറഞ്ഞവർ’ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനുമായ മധുപാൽ കവി ശൈലന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മലയാളം മിഷൻ ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ടീച്ചർ പുസ്തകം പരിചയപ്പെടുത്തി.
ഡോ. മനു വർഗീസ് കുളത്തങ്കലിന്റെ ‘ചിരിപ്പിച്ചു മറഞ്ഞവർ’ കൃതി പുസ്തക മേളയിൽ മധുപാൽ കവി ശൈലന് നൽകി പ്രകാശനം ചെയ്യുന്നു
ഏഴ് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച് മലയാളികളെ ചിരിപ്പിച്ച് മറഞ്ഞുപോയ ഏഴ് പ്രതിഭകളുടെ ജീവിതരേഖയും നർമ കഥകളും കോർത്തിണക്കിയ പുസ്തകത്തിന്റെ അവതാരിക മാധ്യമപ്രവർത്തകൻ ജി. വിശാഖൻ ആണ് എഴുതിയത്. കുഞ്ചൻ നമ്പ്യാർ, വൈക്കം മുഹമ്മദ് ബഷീർ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഇ.കെ. നായനാർ, കാർട്ടൂൺ യേശുദാസൻ, വി.ഡി. രാജപ്പൻ, ഇന്നസെന്റ് എന്നിവരുടെ കഥകൾ പറയുന്ന പുസ്തകം ഒലിവ് പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.
‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ പ്രകാശനം ചെയ്തു
ഷാർജ: ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ ഭരണാധികാരികളുടെ അതുല്യ സംഭാവനകളെ അവഗണിച്ച്, അവരെ മുഴുവൻ അതിക്രമികളായും വർഗീയവാദികളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. മുസ്ലിംകളുടെ സംഭാവനകളൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന തരത്തിൽ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. എന്നാൽ, ഒരു യഥാർഥ ചരിത്രകാരന് സത്യത്തെ മാത്രമേ പ്രതിപാദിക്കാൻ കഴിയൂവെന്ന് ഡോ. കുറുപ്പ് വ്യക്തമാക്കി.
‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ കൃതി ഡോ. കെ.കെ.എൻ. കുറുപ്പ് കാലിഗ്രഫർ ഖലീലുല്ല ചെംനാടിന് നൽകി
പ്രകാശനം ചെയ്യുന്നു
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രവാസി എഴുത്തുകാരൻ നസ്റുദ്ദീൻ മണ്ണാർക്കാട് രചിച്ച ‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ എന്ന കൃതിയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ കാലിഗ്രഫര്‍ ഖലീലുല്ല ചെംനാട് പുസ്തകം ഏറ്റുവാങ്ങി. ബുക്ക് പ്ലസാണ് പ്രസാധകർ. പുസ്തകത്തിലെ പ്രധാന കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തി പത്തു എപ്പിസോഡുകളായി കഥാവിവരണങ്ങൾ യൂട്യൂബിലൂടെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
‘ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ’ പ്രകാശനം
ഷാർജ: ഡോ. സുബൈർ വാഴമ്പുറത്തിന്റെ ‘ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ പ്ര. കെ.കെ.എൻ കുറുപ്പ് പ്രകാശനം ചെയ്തു. ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ട് മുതൽ 14ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ മനുഷ്യവികാസത്തിന് പ്രകാശം പകർന്ന അറബ് ലോകത്തെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.
ഡോ. സുബൈർ വാഴമ്പുറത്തിന്റെ ‘ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ’ എന്ന പുസ്തകം പ്രഫ. കെ.കെ.എൻ. കുറുപ്പ് പ്രകാശനം ചെയ്യുന്നു
കെ.എം. അബ്ബാസിന്റെ ‘നാടേ നഗരമേ’ പ്രകാശിതമായി
ഷാര്‍ജ: മുതിർന്ന മാധ്യമപ്രവര്ത്തകൻ കെ.എം. അബ്ബാസിന്റെ പുതിയ കഥാസമാഹാരം ‘നാടേ നഗരമേ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.ശനിയാഴ്ച വൈകീട്ട് എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കവി ശൈലന്, വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
കെ.എം. അബ്ബാസിന്റെ ‘നാടേ നഗരമേ’ പുസ്തകം കവി ശൈലന്, വേണുഗോപാല്‍ മേനോന് നല്കി പ്രകാശനം ചെയ്യുന്നു
പി.പി ശശീന്ദ്രന്, പ്രതാപന് തായാട്ട്, സി.പി ജലീല്‍, ഷീലാ പോള്‍ തുടങ്ങിയവര്‍ ആശംസിച്ചു. നാടിന്റെയും നഗരത്തിന്റെയും വൈവിധ്യതയും വൈജാത്യങ്ങളും അവതരിപ്പിക്കാനുള്ള ശ്രമമാണ് പുതിയ പുസ്തകത്തിലെ കഥകളെന്ന് കെ.എം. അബ്ബാസ് പറഞ്ഞു. സാദിഖ് കാവില്‍, ശബീന നജീബ്, മുരളി മംഗലത്ത്, സി.എന്‍.എന്‍ ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ വിനോദ് സ്വാഗതം പറഞ്ഞു.
പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി മലയാളി സംഗമം
ഷാർജ: 44ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച്, കെ.എൻ.എം ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ലോകത്ത് സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിൽ ഷാർജ പുസ്തകമേള വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും വിവിധ സംസ്കാരങ്ങളും വീക്ഷണങ്ങളും സമ്മേളിക്കുന്ന പുസ്തകമേള ഷാർജ ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിയാസ് ഹകീം മുഖ്യപ്രഭാഷകനായി. ഫാത്തിമ മിൻഹ തുടർന്ന് സദസ്സുമായി സംവദിച്ചു. പ്രഭാഷകർക്കുള്ള ഉപഹാരം യു.എ.ഇ ഇസ്ലാഹി സെൻറർ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി പി.എ. ഹുസൈൻ ഫുജൈറ എന്നിവർ നൽകി. ചടങ്ങിൽ കെ.എൻ.എം ബുക്സ് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. വി.കെ സകരിയ്യ, എം.എം അക്ബർ, അബ്ദുസ്സലാം മോങ്ങം, ഹുസൈൻ കക്കാട്, ആദിൽ അത്വീഫ് സ്വലാഹി, മുഹമ്മദ് അമീൻ, അബ്ദുൽ വാഹിദ് മയ്യേരി, കെ.എ. ജാഫർ സ്വാദിഖ്, എക്സൽ മുജീബ്, യാസർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു. അൽതാഫ് അബ്ദുറഹിമാൻ പരിപാടി നിയന്ത്രിച്ചു.
കെ.എൻ.എം ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ബഹുജന സംഗമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

