അബൂദബിയിൽ 4,200 കോടിയുടെ വികസന പദ്ധതി
text_fieldsശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: എമിറേറ്റിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി 4,200 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ക്ക് അനുമതി നല്കി അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സിൽ യോഗത്തിലാണ് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ അടുത്ത ഘട്ടത്തിന് പച്ചക്കൊടി കാണിച്ചത്. 2023ല്‍ ആരംഭിച്ച ‘ലൈവബിലിറ്റി സ്ട്രാറ്റജി’യുടെ ഭാഗമായി സാമൂഹിക ക്ഷേമത്തിലും പൊതുജനാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 1200 കോടിയിലധികം ദിര്‍ഹം മൂല്യം വരുന്ന 60 പദ്ധതികൾ പൂർത്തീകരിച്ചു.
200ലേറെ പാർക്കുകൾ, കായിക മൈതാനങ്ങൾ, 24 സ്കൂളുകളും 21 മസ്ജിദുകളും 28 സാമൂഹിക മജ്ലിസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഏതാണ്ട് 120 കിലോമീറ്റര്‍ നീളത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കൽ, 120 കിലോമീറ്റര്‍ നടപ്പാത നിര്‍മാണം, 283 സൈക്ലിങ് ട്രാക്കുകൾ, 200 സൗന്ദര്യവത്കരണ പദ്ധതികള്‍ എന്നിവയും പൂർത്തിയായി. സാമൂഹിക സേവനങ്ങളില്‍ നിക്ഷേപം നടത്തിയും താമസകേന്ദ്രങ്ങളിലും മറ്റും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും ഇമാറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സര്‍ക്കാറിന്റെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു.
പൗരന്മാരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ മുന്‍ഗണന. സാമൂഹിക ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. 13 പുതിയ താമസകേന്ദ്രങ്ങളിലായി 10,600 കോടി ദിര്‍ഹം ചെലവഴിച്ച് നാല്പതിനായിരത്തിലേറെ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് അബൂദബി പുതിയ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

