രക്തദാതാക്കളുടെ എണ്ണത്തില്‍ 41 ശതമാനം വര്‍ധന
text_fieldsഅബൂദബി: അബൂദബിയില്‍ രക്തദാതാക്കളുടെ എണ്ണത്തില്‍ 41 ശതമാനത്തിന്റെ വര്‍ധന. 2021ലെ രക്തദാനവുമായി താരതമ്യം ചെയ്താണ് അബൂദബി രക്തബാങ്ക് കണക്ക് പുറത്തുവിട്ടത്. 2022ല്‍ 47,841 പേരാണ് അബൂദബിയില്‍ രക്തം ദാനം ചെയ്തത്. ഇവര്‍ ദാനം ചെയ്ത 59167 യൂനിറ്റ് രക്തം നിരവധി രോഗികളുടെ ജീവനുകളാണ് രക്ഷിച്ചത്. 1006 പ്ലേറ്റ്ലറ്റ് ദാതാക്കള്‍ 10041 യൂനിറ്റ് പ്ലേറ്റ്ലറ്റുകള്‍ ദാനം ചെയ്തുവെന്നും കണക്കുകള്‍ പറയുന്നു.
അബൂദബി ബ്ലഡ് ബാങ്ക് സര്‍വിസസിനെ പിന്തുണച്ചതിന് അബൂദബി ആരോഗ്യ വകുപ്പ് അടുത്തിടെ 25 സ്ഥിര രക്തദാതാക്കളെയും 25 സംഘടനകളെയും ആദരിച്ചിരുന്നു. അബൂദബി ബ്ലഡ് ബാങ്ക് സര്‍വിസസുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

