ദുബൈയിൽ 41 അംഗ ഭിക്ഷാടക സംഘം പിടിയിൽ
text_fieldsദുബൈയിൽ പിടിയിലായ ഭിക്ഷാടകസംഘം
ദുബൈ: ഭിക്ഷാടക സംഘത്തിലെ 41പേരെ പിടികൂടി ദുബൈ പൊലീസ്. ഇവരിൽനിന്ന് 60,000 ദിർഹം അധികൃതർ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിൽ വെച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. അറബ് വംശജരായ പ്രതികൾ ഹോട്ടൽ കേന്ദ്രീകരിച്ച് താമസിച്ച് ഭിക്ഷാടനം നടത്തിവരുകയായിരുന്നു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയാസ്പദ കാര്യങ്ങളും ക്രിമിനൽ പ്രതിഭാസങ്ങളും കൈകാര്യം ചെയ്യുന്ന അൽ മിസ്ബാഹ് എന്നുപേരിട്ട സുരക്ഷാ ഓപറേഷന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ സന്ദർശന വിസയിലാണ് യു.എ.ഇയിൽ പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ജപമാലയും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനിടയിൽ യാചന നടത്തുന്ന വ്യക്തികളെ കണ്ടതായി 901 കാൾ സെന്റർ വഴി ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഓപറേഷൻ ആരംഭിച്ചത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, പൊലീസ് സ്ഥലത്ത് നിരീക്ഷണം ആരംഭിച്ചു. തുടർന്ന് മൂന്ന് അറബ് പൗരന്മാർ ഈ വസ്തുക്കൾ വിൽക്കുന്നതും പൊതുജനങ്ങളിൽനിന്ന് പണം ആവശ്യപ്പെടുന്നതും കണ്ടെത്തി. അവരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഒരു വലിയ സംഘടിത ഭിക്ഷാടന സംഘത്തിന്റെ ഭാഗമാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു.
തുടർന്ന് ഹോട്ടൽ മാനേജ്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ അതേ രാജ്യക്കാരായ 28 പേരെ കൂടി അറസ്റ്റ് ചെയ്തു. അടുത്ത ദിവസം ഹോട്ടൽ ഒഴിഞ്ഞുപോകാൻ ശ്രമിച്ച 10 പേരെ കൂടി പിടികൂടുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിൽ ഭിക്ഷാടനത്തിനായി ഒരു സംഘടിത ഗ്രൂപ്പായി പ്രവർത്തിച്ചതായി എല്ലാവരും സമ്മതിച്ചു. ‘യാചനരഹിതമായ ബോധമുള്ള സമൂഹം’ എന്ന മുദ്രാവാക്യത്തിൽ പൊലീസ് ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് ഓപറേഷൻ നടത്തിയത്.
ലൈസൻസുള്ള അസോസിയേഷനുകളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയും മാത്രമേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാവൂ എന്ന് ദുബൈ പൊലീസ് പൊതുജനങ്ങളെ പ്രസ്താവനയിൽ ഓർമിപ്പിച്ചു. സംഭാവനകൾ യഥാർഥത്തിൽ ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഇതു സഹായിക്കും. യാചന ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 901ൽ വിളിച്ചോ, ദുബൈ പൊലീസിന്റെ സ്മാർട്ട് ആപിലെ ‘പൊലീസ് ഐ’ ഫീച്ചർ ഉപയോഗിച്ചോ, ഇ-ക്രൈം പ്ലാറ്റ്ഫോം വഴി ഓൺലൈൻ യാചന റിപ്പോർട്ട് ചെയ്തോ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

