ദുബൈയുടെ രാജകുമാരന് 40ാം പിറന്നാൾ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: യു.എ.ഇയിലെ യുവത്വത്തിന്റെ റോൾ മോഡലും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന് 40ാം പിറന്നാൾ. 1982 നവംബർ 14നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെയും ശൈഖ ഹിന്ദ് ബിൻത് മക്തൂം ആൽ മക്തൂമിന്റെയും മകനായാണ് ഹംദാന്റെ ജനനം. 'ഫസ്സ'എന്ന പേരിൽ സ്നേഹത്തോടെ വിളിക്കുന്ന ഹംദാന്റെ സാഹസികതയും കായിക പ്രേമവുമെല്ലാം ലോകത്തിന് പരിചയമാണ്.
2006 സെപ്റ്റംബർ എട്ടിന് 23ാം വയസ്സിലാണ് ഹംദാൻ ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത്. അതിനുശേഷം ദുബൈ സർക്കാറിന് കീഴിലെ വിവിധ സംരംഭങ്ങളെ വിജയകരമായി നയിക്കുന്നത് ഹംദാനായിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തുന്ന നേതൃത്വ പാടവമാണ് കാഴ്ചവെച്ചത്. ദുബൈയിലെ സർക്കാർ സേവനങ്ങളെ ഡിജിറ്റൽവത്കരിക്കുന്നതിന് നേതൃത്വം നൽകിയ ഹംദാന്റെ ആശയമാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്. നഗരത്തിലെ താമസക്കാരിൽ ആരോഗ്യസംസ്കാരം വളർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഫിറ്റ്നസ് ചലഞ്ചിൽ ശൈഖ് ഹംദാനും നേരിട്ട് പങ്കെടുക്കാറുണ്ട്. താമസക്കാരുടെയും മുഴുവൻ സമൂഹത്തിന്റെയും ആവശ്യങ്ങളോട് പ്രതികരിക്കുന്നതും സംവേദനാത്മകവുമായ സർക്കാർ സംസ്കാരം വികസിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
ദുബൈയുടെ തന്ത്രപ്രധാനമായ വികസന പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം എക്സിക്യൂട്ടിവ് കൗൺസിലിന്റേതാണ്. ശൈഖ് ഹംദാന്റെ നേതൃപാടവം കഴിഞ്ഞ കാലങ്ങളിൽ വികസനത്തെ വേഗത്തിലാക്കാനും ദുബൈ ബിസിനസ്, വാണിജ്യം, ടൂറിസം, ലോജിസ്റ്റിക്സ് മേഖലയിൽ അന്താരാഷ്ട്ര ഹബ്ബായി ഉയർത്താനും സഹായിച്ചു. ദുബൈ എക്സ്പോയുടെ നടത്തിപ്പിലും ഹംദാന്റെ നേതൃപാടവം വ്യക്തമായിരുന്നു.
ബ്രിട്ടനിലെ റോയൽ മിലിറ്ററി അക്കാദമിയിൽനിന്നാണ് ബിരുദം നേടിയത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പരിശീലന പരിപാടികളിലും പങ്കാളിയായിട്ടുണ്ട്. തുടർന്ന് പിതാവ് ശൈഖ് മുഹമ്മദിൽനിന്ന് പ്രായോഗിക ഭരണപരിചയവും പഠിച്ചെടുത്തു. യുവ വ്യവസായികളെ വളർത്തിയെടുക്കാനും ദുബൈയിൽ നിക്ഷേപമിറക്കാനും പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾ ഹംദാൻ ആവിഷ്കരിച്ചിട്ടുണ്ട്.
ആശംസയുമായി ഇരട്ടക്കുട്ടികൾ
ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് ആശംസകളുമായി ഇരട്ടക്കുട്ടികൾ. മക്കളായ ശൈഖയും റാശിദും ബർത്ത് ഡേ ബലൂണുമായി നിൽക്കുന്ന ചിത്രം ഹംദാൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തത്. പിതാവ് ശൈഖ് മുഹമ്മദിനും സഹോദരൻ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനുമൊപ്പമുള്ള ചെറുപ്പത്തിലെ ചിത്രങ്ങളും ഹംദാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കിരീടാവകാശി ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി
പോസ്റ്റ് ചെയ്ത ചിത്രങ്ങൾ