യു.എ.ഇയിൽ 405 വ്യാജ സ്വദേശിവൽകരണ കേസുകൾ കണ്ടെത്തി; കർശന നടപടിയെന്ന് അധികൃതർ
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസത്തെ കാലയളവിൽ 405 വ്യാജ സ്വദേശിവൽകരണ നിയമനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കാതെ വ്യാജ സ്വദേശിവൽകരണം നടപ്പിലാക്കിയ സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. കമ്പനികളുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം നിയമലംഘനത്തിന്‍റെ തോതനുസരിച്ച് പിഴ മുതൽ ഉപരോധം വരെയുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ എമിറേറ്റൈസേഷൻ എന്നത് സാധാരണയായി സ്ഥാപനങ്ങൾ നിയമനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജീവനക്കാരെ തെറ്റായി തരംതിരിക്കുന്നതോ, അല്ലെങ്കിൽ ജോലിയില്ലാതെ ഇമാറാത്തികളെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോ ആയ സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഈ രീതി ദുർബലപ്പെടുത്തുന്നതിനാലാണ് വ്യാജ നിയമങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നത്. സ്വദേശിവൽകരണ നിയമവുമായി ബന്ധപ്പെട്ട സംശയാസ്പദമായ കേസുകൾ മന്ത്രാലയ ഹോട്ട്‌ലൈൻ നമ്പറായ 600590000 വഴിയോ, സ്മാർട്ട് ആപ്പ് വഴിയോ, ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെപട്ടിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി കഴിഞ്ഞ മാസം മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഒരു ലക്ഷമായിരുന്നതാണ് അതിവേഗത്തിൽ വർധിച്ചത്. രാജ്യത്തെ 29,000 കമ്പനികളിലായാണ് സ്വദേശികൾ ജോലി ചെയ്തുവരുന്നത്. ജൂൺ 30വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ് സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനം, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപാദനം എന്നീ മേഖലകളിലെല്ലാം സ്വദേശികളുടെ സാന്നിധ്യമുണ്ട്. നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10ശതമാനം സ്വദേശിവൽകരണം പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി ‘നാഫിസ്’ പദ്ധതി 2021ലാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച് നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക് 42,000 ദിർഹം പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

