Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right40 വർഷത്തെ ഗവേഷണം, 100...

40 വർഷത്തെ ഗവേഷണം, 100 ഗ്രന്ഥങ്ങൾ, ലക്ഷം പേജുകൾ; യു.എ.ഇയുടെ സമ്പൂർണ ചരിത്രമെഴുതി ഒരു മലയാളി

text_fields
bookmark_border
40 വർഷത്തെ ഗവേഷണം, 100 ഗ്രന്ഥങ്ങൾ, ലക്ഷം പേജുകൾ; യു.എ.ഇയുടെ സമ്പൂർണ ചരിത്രമെഴുതി ഒരു മലയാളി
cancel
camera_alt

യു.എ.ഇയുടെ സമ്പൂര്‍ണ ചരിത്രം

രേഖപ്പെടുത്തിയ ഷംസുദ്ദീന്‍ പുതിയവീട്ടില്‍ 

റാസല്‍ഖൈമ: മരുഭൂമിയിലെ മണല്‍ത്തരികളില്‍നിന്ന് ലോകത്തിലെ ഏറ്റവും പുരോഗമന രാഷ്ട്രങ്ങളിലൊന്നായി വളര്‍ന്ന യു.എ.ഇയുടെ സമ്പൂര്‍ണ ചരിത്രം ഇനി നൂറ് ഗ്രന്ഥങ്ങളിലായി വായിക്കാം. ഒരു ലക്ഷം പേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബൃഹദ് ചരിത്ര പദ്ധതിക്ക് പിന്നില്‍ ഒരു മലയാളിയുടെ നാല് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണവും അധ്വാനവുമാണ്. തൃശൂര്‍ വലപ്പാട് സ്വദേശി ഷംസുദ്ദീന്‍ പുതിയവീട്ടില്‍ ഒരുക്കിയ ഈ ചരിത്രവിസ്മയം ഒരു രാജ്യത്തിന്‍റെ വളര്‍ച്ചയുടെയും സ്വപ്നങ്ങളുടെയും പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും സംസ്കാരത്തിന്‍റെയും രേഖപ്പെടുത്തലാണ്.

യു.എ.ഇയുടെ രൂപവത്കരണം മുതല്‍ രാഷ്ട്രീയം, സമ്പദ്​ വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, വിനോദ സഞ്ചാരം, ബഹിരാകാശ നേട്ടങ്ങള്‍, പ്രഗത്ഭരായ നൂറ് മലയാളി പ്രവാസികള്‍ തുടങ്ങി രാജ്യത്തിന്‍റെ എല്ലാ മേഖലകളെയും ഉ ൾക്കൊള്ളുന്ന സമഗ്ര രേഖയാണ് ഈ ഗ്രന്ഥശൃംഖല. 1984ല്‍ ഉപജീവനം തേടി അബൂദബിയിലെത്തിയ തനിക്ക് യു.എ.ഇയുടെ സമ്പൂര്‍ണ ചരിത്രം സമഗ്രമായി രേഖപ്പെടുത്തണമെന്നത് സ്വപ്നമായിരുന്നുവെന്ന് ഷംസുദ്ദീന്‍ പുതിയവീട്ടില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

നാലു പതിറ്റാണ്ട് നീണ്ട നിരന്തര പഠനത്തിന്‍റെയും വിവര ശേഖരണത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഫലമായി അത് യാഥാര്‍ഥ്യമായതില്‍ ചാരിതാര്‍ഥ്യമുണ്ട്. നൂറ് ഗ്രന്ഥങ്ങളടങ്ങുന്ന പദ്ധതിയിലെ ഓരോ വാല്യത്തിനും ഏകദേശം 22 കിലോഗ്രാം ഭാരമുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദൃശ്യഭംഗിയോടെയും രേഖാമൂല്യത്തോടെയും തയാറാക്കിയ ഈ കൃതി ലോകത്തിലെ ഏറ്റവും വിപുലമായ രാജ്യ ചരിത്ര പദ്ധതികളിലൊന്നായി സ്ഥാനം പിടിക്കുമെന്നും ഷംസുദ്ദീന്‍ അവകാശപ്പെട്ടു.

ഏഴ് എമിറേറ്റുകളുടെയും ചരിത്രവും സാമൂഹിക പരിണാമവും ഭരണ സംവിധാനവും വികസന യാത്രയും വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം യു.എ.ഇ ഭരണാധികാരികള്‍ക്ക് സമര്‍പ്പിച്ച് ഔദ്യോഗിക പ്രകാശനം നടത്താനുള്ള ശ്രമങ്ങളിലാണ് രചയിതാവ്. തുടര്‍ന്ന് ഡിജിറ്റല്‍ പതിപ്പ് പൊതുസമൂഹത്തിന് ലഭ്യമാക്കാനാണ് പദ്ധതി. പഴയ പൊന്നാനി താലൂക്കിന്‍റെ ചരിത്രം വിവരിക്കുന്ന ‘ചരിത്രം ഈ മണ്ണിലൂടെ’, ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളും ഷംസുദ്ദീന്‍ രചിച്ചിട്ടുണ്ട്.

ചരിത്രത്തോടുള്ള അതീവ താല്‍പര്യവും ഗവേഷണത്തിനുള്ള അര്‍പ്പണബോധവുമാണ് യു.എ.ഇയുടെ ഈ മഹാ ഗ്രന്ഥ സമാഹാരത്തിന് വഴിയൊരുക്കിയത്. തൃശൂര്‍ വലപ്പാട് പുതിയവീട്ടില്‍ ഇബ്രാഹിംകുട്ടി -നഫീസ ദമ്പതികളുടെ മകനാണ് ഷംസുദ്ദീന്‍. ഭാര്യ: വഹീദ. ജിഷാദ്, ജിസ്മ ഫൈസ്, മുഹ്​സിന, ജാസിം, ഹിജാസ് അഹമ്മദ്, ആസിഫ് ജൈസൽ എന്നിവർ മക്കളാണ്​.

ഒരു വ്യക്തിയുടെ ദീര്‍ഘകാല സ്വപ്നവും സമര്‍പ്പണവും വലിയ ചരിത്ര സംഭവങ്ങള്‍ക്ക് ജന്മം നല്‍കാമെന്നതിന് ഉദാഹരണമായി മാറുകയാണ് മലയാളിയുടെ കൈക്കുമ്പിളില്‍ പിറവിയെടുത്ത ഈ ചരിത്രപ്രപഞ്ചം. യു.എ.ഇയുടെ വികസന കഥ ലോകത്തിന് മുന്നില്‍ കൂടുതല്‍ സമഗ്രമായി അവതരിപ്പിക്കുന്ന അപൂര്‍വ സാക്ഷ്യപത്രമായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകവും ചരിത്രാസ്വാദകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 40 years of research, 100 books, lakhs of pages; A Malayali writes the complete history of the UAE
Next Story