അഡ്നോക്കിന്റെ നാലു ശതമാനം ഓഹരികൾ വിൽപനക്ക്
text_fieldsഅബൂദബി: അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്)യുടെ നാലു ശതമാനം ഓഹരികള്‍ വില്പനക്ക്. അബൂദബി സ്റ്റോക് എക്സ്ചേഞ്ചിലാണ് കമ്പനിയുടെ ഓഹരികള്‍ വില്‍പനക്കുവെച്ചിരിക്കുന്നത്. കമ്പനിയുടെ 307 കോടിയിലേറെ ഓഹരികളാണ് ഇങ്ങനെ വിറ്റഴിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ഓഹരികള്‍ വാങ്ങാനുള്ള അവസരം. യു.എ.ഇയിലെ പ്രകൃതിവാതക സംഭരണത്തിന്റെ 95 ശതമാനവും അഡ്നോക്കിന്റെ നിയന്ത്രണത്തിലാണ്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് അഡ്നോക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 2021ല്‍ കമ്പനിയുടെ 10 മാസത്തെ വരുമാനം 360 കോടി ഡോളറായിരുന്നു. 2022ല്‍ ഇത് 420 കോടിയായി വര്‍ധിച്ചു. പ്രതിദിനം 10ശതകോടി ക്യുബിക് ഫീറ്റ് വാതകം ഉല്പാദിപ്പിക്കാന് അഡ്നോക്കിന് ശേഷിയുണ്ട്. പ്രതിവര്‍ഷം 29 ദശലക്ഷം ടണ്‍ ആണ് ഉൽപാദന ശേഷി.
അഡ്നോക് ഡ്രില്ലിങ്ങിന് 2022ല്‍ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ഷോര്‍, ഓയില്‍ ഫീല്‍ഡ് സർവിസസ് ബിസിനസുകളിലാണ് അഡ്നോക് ഡ്രില്ലിങ്ങിന്റെ വരുമാനം വര്‍ധിച്ചത്. 2021ല്‍ 604 ദശലക്ഷം ഡോളറായിരുന്ന അഡ്നോക്കിന്റെ അറ്റാദായം 2022ല്‍ 802 ദശലക്ഷം ഡോളറായാണ് വര്‍ധിച്ചത്. നിലവില്‍ 115 റിഗുകളാണ് അഡ്നോക്കിനുള്ളത്. 2023ലേക്ക് കമ്പനി മൂന്നു ബില്യൺ ഡോളര്‍ മുതല്‍ 3.2 ബില്യൺ ഡോളര്‍ വരെയാണ് അഡ്നോക് വരുമാനം പ്രതീക്ഷിക്കുന്നത്. 850 ദശലക്ഷം ഡോളറില്‍നിന്ന് 1000കോടി ഡോളറിലേക്കാണ് കമ്പനി അറ്റാദായം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2027ഓടെ പ്രതിദിന എണ്ണ ഉല്പാദനം 50 ലക്ഷം ബാരലായി വര്‍ധിപ്പിക്കാനും അഡ്നോക് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അഡ്നോക് ഡ്രില്ലിങ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഈസ് ഇകാഹീമനന് പറഞ്ഞു. മുമ്പ് 2030ഓടെ 50 ലക്ഷം ബാരല്‍ എണ്ണ ഉല്പാദിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന ആഗോള ഊര്‍ജ ആവശ്യം കണക്കിലെടുത്ത് ഉല്പാദന വര്‍ധന നടപ്പാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

