ത്രീഡി കെട്ടിടം: ദുബൈ മുനിസിപ്പാലിറ്റിക്ക് പുരസ്കാരം ഈ സാങ്കേതികവിദ്യ
text_fieldsദുബൈ: ത്രീഡി പ്രിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദുബൈ മുനിസിപ്പാലിറ്റി നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന് ദുബൈ ക്വാളിറ്റി ഗ്രൂപ്പിെൻറ ഇന്നൊവേഷൻ പുരസ്കാരം. ത്രീഡി പ്രിൻറിങ്ങിൽ ലോകത്തിലെ നമ്പർ വൺ ആകാനും 2030ഓടെ ദുബൈയിലെ 25 ശതമാനം കെട്ടിടങ്ങളും ത്രീഡി ഉപയോഗിച്ച് നിർമിക്കാനും ലക്ഷ്യമിട്ടാണ് ദുബൈ മുനിസിപ്പാലിറ്റി കെട്ടിടം നിർമിച്ചത്. ഒന്നരവർഷം മുമ്പ് വർസാനിൽ നിർമിച്ച കെട്ടിടത്തിനാണ് പുരസ്കാരം നൽകിയത്.
ഈ സാങ്കേതികവിദ്യ വഴി കെട്ടിടം നിർമിക്കുേമ്പാൾ 50-70 ശതമാനം നിർമാണച്ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികൾ വഴിയുള്ള ചെലവ് 50-80 ശതമാനം കുറയും. നിർമാണ മാലിന്യങ്ങളുടെ അളവ് 60 ശതമാനം കുറയും. നിർമാണ മേഖലയിലെ തിരിച്ചുവരവിന് ഇത് വഴിയൊരുക്കും. വിർച്വലായി നടത്തിയ പരിപാടിയിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ദുബൈ മുനിസിപ്പാലിറ്റി നിർമിച്ച കെട്ടിടത്തിന് രണ്ടു നിലകളിലായി 9.5 മീറ്റർ ഉയരവും 640 ചതുരശ്ര മീറ്റർ വിസ്തീർണവുമുണ്ട്. ത്രീഡി സാങ്കേതികവിദ്യക്ക് പുറമെ മണലും മെറ്റലും ഉപയോഗിച്ചായിരുന്നു നിർമാണം.
ഈ വലുപ്പത്തിലുള്ള കെട്ടിടം നിർമിക്കാൻ സാധാരണ 25 ലക്ഷം ദിർഹം ചെലവാകും. എന്നാൽ, ത്രീഡി വഴി നിർമിച്ചപ്പോൾ 12.5 ലക്ഷം ദിർഹമാണ് ചെലവായത്. 30 ജോലിക്കാരുടെ സ്ഥാനത്ത് 15 പേർ മതി. കെട്ടിടത്തിെൻറ ത്രീഡി മാതൃകയാണ് ആദ്യം തയാറാക്കുന്നത്. ഇത് ത്രീഡി പ്രിൻററിലേക്ക് ജി കോഡായി മാറ്റും. ശേഷം പ്രിൻററിലേക്ക് നിർമാണവസ്തുക്കൾ നിറക്കും. പ്രിൻററിനുള്ളിലെ പമ്പാണ് നിർമാണ വസ്തുക്കൾ ആവശ്യമായ സ്ഥലത്തേക്ക് എത്തിക്കുന്നത്. ഭിത്തിക്ക് എത്ര കനം വേണമെന്ന് നേരേത്ത നിശ്ചയിക്കും. ഏത് മാതൃകയിലും കെട്ടിടം നിർമിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

