38 വർഷത്തെ അധ്യാപനം; ആത്മനിർവൃതിയിൽ ശൈലജ ടീച്ചർക്ക് പടിയിറക്കം
text_fieldsഷൈലജ ടീച്ചർക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ്
ഷാർജ: 38 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം ശൈലജ ടീച്ചർക്ക് ആത്മനിർവൃതിയോടെ പടിയിറക്കം. ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ ഹെഡ് മിസ്ട്രസ് പദവിയിൽനിന്നാണ് കൊല്ലം പുനലൂർ സ്വദേശിനിയായ ശൈലജ രവി തിങ്കളാഴ്ച വിരമിച്ചത്. 1989 ജനുവരിയിലാണ് യു.എ.ഇയിൽ ഇവർ പ്രവാസം ആരംഭിക്കുന്നത്. നാട്ടിലായിരിക്കുമ്പോൾതന്നെ അധ്യാപനരംഗത്ത് കാലെടുത്ത് വെച്ചിരുന്നു. രണ്ടു വർഷം ബി.എഡ് കോളജിൽ ലെക്ചറായി ജോലി ചെയ്തതിനു ശേഷമാണ് പ്രവാസിയായ ഭർത്താവ് രവികുമാറിനൊപ്പം യു.എ.ഇയിലേക്ക് എത്തുന്നത്. ആദ്യം അജ്മാൻ ഇന്ത്യൻ സ്കൂളിലായിരുന്നു അധ്യാപികയായി പ്രവർത്തിച്ചിരുന്നത്. രണ്ടു വർഷത്തിനു ശേഷം ഷാർജ ഇന്ത്യൻ സ്കൂളിൽ 1991 മേയിൽ അധ്യാപികയായി ചേർന്നു. പിന്നീട് തുടർച്ചയായി 34 വർഷം ഈ സ്കൂളിൽ അധ്യാപനം നടത്തിയാണ് വിരമിക്കുന്നത്. ഇതിൽ 17 വർഷം മാത്സ് അധ്യാപികയായും ഏഴു വർഷം വകുപ്പുമേധാവിയായും ആറു വർഷം 11, 12 ഗ്രേഡ് സൂപ്പർവൈസറായും പിന്നീട് അവസാന നാലു വർഷം ഹെഡ് മിസ്ട്രസായുമാണ് പ്രവർത്തിച്ചത്. അതിനിടെ കലാംസ് വേൾഡ് റെക്കോർഡ്സിന്റെ 2022ലെ ഇന്റർനാഷനൽ വിമൻ അച്ചീവേഴ്സ് അവാർഡും കരസ്ഥമാക്കി.
നാലു പതിറ്റാണ്ടോളം നീണ്ട അധ്യാപന ജീവിതം ഏറെ സന്തോഷകരവും സംതൃപ്തിപൂർണവുമായിരുന്നുവെന്ന് ടീച്ചർ പറയുന്നു. ലോകത്ത് എവിടെ യാത്ര ചെയ്യുമ്പോഴും പലകാലങ്ങളിൽ പഠിപ്പിച്ച വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. അതുതന്നെയാണ് ഏറ്റവും സന്തോഷകരമായിട്ടുള്ളത്. സ്കൂളിന് മികച്ച റിസൽട്ട് നൽകാനായതും അഭിമാനകരമാണ് -അവർ കൂട്ടിച്ചേർത്തു. ജോലിയിൽനിന്ന് വിരമിച്ചുവെങ്കിലും കുറച്ചുകാലം കൂടി യു.എ.ഇയിൽതന്നെ തുടരാനാണ് ടീച്ചറുടെ തീരുമാനം. വിരമിക്കുന്നതിനോട് അനുബന്ധിച്ച് ഞായറാഴ്ച സഹപ്രവർത്തകരും വിദ്യാർഥികളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് ചടങ്ങ് സ്കൂളിൽ ഒരുക്കി. പൂക്കളുമായാണ് വിദ്യാർഥികൾ പ്രിയപ്പെട്ട അധ്യാപികയെ ചടങ്ങിൽ സ്വീകരിച്ചത്. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് അമീൻ അധ്യക്ഷതവഹിച്ചു. ദീർപ്തി മേരി, ഇഷ്റഗ, ഫെഡ്രിക് റാഫേൽ, ഫൈസൽ കലങ്കാടൻ, രവീന്ദ്രൻ, ഫെബിന, പ്രണോജ് എന്നിവർ ആശംസ നേർന്നു. തുടർന്ന് ശൈലജ രവി മറുപടി പ്രസംഗം നടത്തി. ലൈേബ്രറിയൻ കുഞ്ഞബ്ദുല്ല സംസാരിച്ചു. ശഹർബാന നന്ദി പറഞ്ഞു. സ്കൂളിലെ വ്യത്യസ്ത ഗ്രൂപ്പുകളിലെ കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്യസ്ത യാത്രയയപ്പുകൾ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

