2022ൽ ഷാർജയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 3.8 കോടി പേർ
text_fieldsഷാർജ: ഷാർജയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.8 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.
2.9 കോടി പേർ ടാക്സി സർവിസുകളും മറ്റ് ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തിയപ്പോൾ പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്. അതായത് പ്രതിദിനം 14,500 പേരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതെന്ന് എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു. 12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ സർവിസ് നടത്തുന്നത്. 437 സ്റ്റോപ്പുകളാണ് ഇവക്കുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇന്റർസിറ്റി ബസ് ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്. വിമാനയാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 3.8 കോടിയിലധികമാകുമെന്നും ഖാമിസ് പറഞ്ഞു.
എമിറേറ്റിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി എല്ലാ കഴിവും പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ഗതാഗതമാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും വിമാനയാത്രികർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

