ആറുമാസം ധനകാര്യ സ്ഥാപനങ്ങൾക്ക് ചുമത്തിയത് 37 കോടി ദിർഹം പിഴ
text_fieldsഅബൂദബി: കഴിഞ്ഞ ആറു മാസത്തിനിടെ യു.എ.ഇയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് ചുമത്തിയത് 37 കോടി ദിർഹം പിഴ. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ നിയമങ്ങളനുസരിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, പണമിടപാട് സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ 13 എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഏഴ് ഇൻഷുറൻസ്- ബ്രോക്കറേജ് കമ്പനികൾ, മൂന്ന് വിദേശ ബാങ്കുകളും ഒരു ധന ഇടപാട് സ്ഥാപനവും ഉൾപ്പെടെ 10 ബാങ്കുകൾ എന്നിവക്കെതിരെയാണ് പിഴ ചുമത്തിയത്. കൂടാതെ ചില സ്ഥാപനങ്ങളുടെ ലൈസൻസ് പൂർണമായും റദ്ദാക്കൽ, താൽക്കാലികമായി സസ്പെൻഡ് ചെയ്യൽ, പ്രവർത്തന നിയന്ത്രണമേർപ്പെടുത്തൽ തുടങ്ങിയ നടപടികളും സ്വീകരിച്ചതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.
അതേസമയം, ചില കേസുകളിൽ സ്ഥാപനങ്ങളിലെ മുതിർന്ന എക്സിക്യൂട്ടിവുകൾക്ക് വ്യക്തിപരമായി പിഴ ചുമത്തുകയും ചെയ്തു. അടുത്തിടെ ഒരു ബാങ്ക് മാനേജർക്ക് അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. ധനമിടപാടുകളിൽ നിന്ന് ഇയാളെ വിലക്കുകയും ചെയ്തു. സ്ഥാപനങ്ങൾക്കെതിരെ ഏറ്റവും വലിയ പിഴ ഈടാക്കൽ നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിനെതിരെ ചുമത്തിയത് 20 കോടി ദിർഹമാണ്. സ്ഥാപനത്തിന്റെ മാനേജർക്ക് അഞ്ചു ലക്ഷം ദിർഹം പിഴയും ചുമത്തി. ഈ വർഷം തുടക്കത്തിൽ ഒരു സ്ഥാപനത്തിനെതിരെ 10 കോടി ദിർഹം പിഴ ചുമത്തിയ കേസും റിപ്പോർട്ട് ചെയ്തിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച വിദേശ ബാങ്കിന് രണ്ട് ദശലക്ഷം ദിർഹമിലധികമാണ് പിഴ ചുമത്തിയത്. ഗോമതി എക്സ്ചേഞ്ച്, അൽ ഹിന്ദി എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെ നിരവധി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തലും ലൈസൻസ് റദ്ദാക്കൽ നടപടികളും സ്വീകരിച്ചു.
വീഴ്ച കണ്ടെത്തിയ ഒരു പ്രാദേശിക ബാങ്കിനോട് ആറു മാസത്തേക്ക് പുതിയ ഇസ്ലാമിക് ബാങ്കിങ് ഇടപാടുകാരെ ചേർക്കരുതെന്നും നിർദേശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

