ദുബൈയിൽ ട്രക്ക് പാർക്കിങ്ങിന് 364 സ്ലോട്ടുകൾ കൂടി
text_fieldsദുബൈ: ദുബൈയിലെ ഏഴ് ട്രക്ക് വിശ്രമകേന്ദ്രങ്ങളിലെ പാർക്കിങ് ശേഷി വർധിപ്പിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 364 പുതിയ പാർക്കിങ് സ്ലോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് മുമ്പുള്ളതിൽനിന്ന് 56 ശതമാനം വർധനവാണിത്. ഏഴ് വിശ്രമകേന്ദ്രങ്ങളിലെ ആകെ ട്രക്ക് പാർക്കിങ് സ്ലോട്ടുകളുടെ എണ്ണം 1,007 ആയി ഉയർന്നു.
ദുബൈ ഇക്കണോമിക് അജണ്ട ഡി33-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വ്യാപാര-ലോജിസ്റ്റിക്സ് സേവനങ്ങളുടെ ആഗോള ഹബ്ബായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, റോഡ് ഗതാഗത-ലോജിസ്റ്റിക്സ് മേഖലയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ വിപുലീകരണം.
പാർക്കിങ് വർധിപ്പിച്ച കേന്ദ്രങ്ങൾ
അൽ റുവയ്യ 2: 107 സ്ലോട്ടുകൾ
ലെഹ്ബാബ് 2: 90 സ്ലോട്ടുകൾ
ലെഹ്ബാബ് 1: 47 സ്ലോട്ടുകൾ
അൽ തായ്: 18 സ്ലോട്ടുകൾ
അൽ റുവയ്യ 1: 15 സ്ലോട്ടുകൾ
മദീനത്ത് ഹിന്ദ് 2: 27 സ്ലോട്ടുകൾ
നാദ് അൽ ഹമർ: 60 സ്ലോട്ടുകൾ (ഈ കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്).
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും ഗതാഗത കുരുക്ക് കുറക്കുന്നതിലും ട്രക്ക് വിശ്രമകേന്ദ്രങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ‘ട്രക്കുകൾക്ക് നിരോധനമുള്ള സമയങ്ങളിൽ പ്രധാന റോഡുകളിൽ അവ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് തടയാൻ ഈ കേന്ദ്രങ്ങൾ സഹായിക്കുന്നു. ഇത് ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് കൂടുതൽ വിശ്രമം ലഭിക്കാൻ സഹായിക്കും. താമസസൗകര്യം, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇന്ധന സ്റ്റേഷനുകൾ, ഹെവി വെഹിക്കിൾ-ടയർ മെയിന്റനൻസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ പ്രതിമാസം 1,50,000-ലധികം ട്രക്കുകളാണ് ഈ വിശ്രമകേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. എമിറേറ്റിൽ പ്രതിദിനം ശരാശരി നാലുലക്ഷം ട്രിപ്പുകൾ നടക്കുന്നുണ്ട്.
ആർ.ടി.എ ആസൂത്രണം ചെയ്ത 16 ട്രക്ക് വിശ്രമകേന്ദ്രങ്ങളിൽ 14 എണ്ണത്തിന്റെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അൽ ഐൻ റോഡ്, ജെബൽ അലി-ലെഹ്ബാബ് റോഡ്, അൽ അവിർ റോഡ് എന്നീ ആറ് സുപ്രധാന പാതകളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ട്രക്കുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നത് ദുബൈയുടെ ട്രാഫിക് സുരക്ഷാ നയങ്ങളിൽ പ്രധാനപ്പെട്ടതാണ്. 2026-2033 വർഷങ്ങളിലെ എക്സിക്യൂട്ടീവ് പ്ലാനിൽ ട്രക്കുകളുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങൾ വഴിയുള്ള മരണങ്ങളും ഗുരുതര പരിക്കുകളും ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
റാസ് അൽ ഖോർ, ജെബൽ അലി, ലെഹ്ബാബ് തുടങ്ങിയ ട്രക്ക് കേന്ദ്രങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പെയ്നുകൾ, ഡി.പി വേൾഡ്, കോണ്ടിനെന്റൽ ടയേഴ്സ് എന്നിവയുമായി സഹകരിച്ച് ജെബൽ അലിയിൽ ടയർ സുരക്ഷാ പരിശോധനകളും ലോഡിങ്-അൺലോഡിങ് മാർഗനിർദേശങ്ങളും നൽകുക, ട്രക്ക് ഡ്രൈവർമാർക്കായി നാല് ഭാഷകളിൽ സുരക്ഷാ ഗൈഡ് പുതുക്കി പ്രസിദ്ധീകരിക്കുക, ദുബൈ പൊലീസിന്റെ സഹായത്തോടെ ഹെവി വെഹിക്കിൾ മോണിറ്ററിങ് യൂനിറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കുകയും ഏഴ് പ്രധാന റോഡുകളിൽ കർശനമായ വാഹന പരിശോധനകൾ നടത്തുകയും ചെയ്യുക എന്നിവയടക്കം ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

