ദുബൈയിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു
text_fieldsപുതുതായി നിയമിതനായ ജഡ്ജിമാരിലൊരാൾ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
ദുബൈ: എമിറേറ്റിലെ കോടതികളിലേക്ക് പുതുതായി നിയമിതരായ 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദുബൈ യൂനിയൻ ഹൗസിലെ മുദൈഫ് മജ്ലിസിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേതൃത്വം നൽകിയ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. പുതിയ പദവികളിൽ ജഡ്ജിമാർ വിജയകരമായി പ്രവർത്തിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. നീതിയും അഖണ്ഡതയും ഉയർത്തിപ്പിടിക്കണമെന്നും സാമൂഹിക സുസ്ഥിരത നിലനിർത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരഷിക്കുന്നതിനും സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിയമവാഴ്ച ഉയർത്തിപ്പിടിക്കുക, നീതി ലഭ്യമാക്കുക, ദേശീയ വികസനത്തെ പിന്തുണക്കുക എന്നിവ ജഡ്ജിമാരുടെ ദൗത്യമാണെന്നും, നീതി, വിശ്വാസം, സമൃദ്ധി എന്നിവയുടെ അടിത്തറയിലുള്ള സമൂഹം കെട്ടിപ്പടുക്കാൻ ന്യായമായ വിധികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയറിയിച്ച ജഡ്ജിമാർ, നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങളെ ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കി. ദുബൈ റൂലേഴ്സ് കോർട്ട് ഡയറക്ടർ ജനറലും ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ മുഹമ്മദ് ഇബ്രാഹീം അൽ ശെയ്ബാനി, ദുബൈ കോർട്സ് ഡയറക്ടർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദി, ദുബൈ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല സൈഫ് അൽ സബൂസി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

