34ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡ് യു.എ.ഇയിൽ
text_fields34ാമത് ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിന്റെ
മുന്നൊരുക്കങ്ങൾ സംഘാടകർ വാർത്തസമ്മേളനത്തിൽ
വിശദീകരിക്കുന്നു
ദുബൈ: 34ാമത് രാജ്യാന്തര ബയോളജി ഒളിമ്പ്യാഡിന് യു.എ.ഇ ആതിഥ്യം വഹിക്കും. ജൂലൈ രണ്ട് മുതൽ 10 വരെ അൽ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയിൽവെച്ചാണ് ഒളിമ്പ്യാഡ് നടക്കുക. 80 രാജ്യങ്ങളിൽ നിന്നായി ശാസ്ത്രകുതുകികളായ 320 വിദ്യാർഥി പ്രതിനിധികൾ ഒളിമ്പ്യാഡിൽ പങ്കെടുക്കും. 300 ജൂറി അംഗങ്ങളും പരിപാടിയുടെ ഭാഗമാകും. ഒളിമ്പ്യാഡിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രണ്ടാം തവണയാണ് ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്നത്. 2021 ഡിസംബറിൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡ് യു.എ.ഇയിൽവെച്ചായിരുന്നു.
ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നാല് പരീക്ഷണാത്മക ടെസ്റ്റുകളിലും രണ്ട് തിയറി ടെസ്റ്റുകളിലും മത്സരിക്കും. തിയറി, പ്രാക്ടിക്കൽ ടെസ്റ്റ് സംഘടിപ്പിക്കുന്നതിനായി 200 പി.ജി. വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റി പ്രഫസർമാർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. സംഘാടനത്തിന് 200 വളന്റിയർമാർക്കും പരിശീലനം സംഘടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.
ആഗോള തലത്തിൽ ജീവശാസ്ത്ര മേഖലയിൽ കഴിവുള്ള വിദ്യാർഥികളെ കണ്ടെത്താൻ ഒളിമ്പ്യാഡ് സഹായിക്കും. അതോടൊപ്പം ശാസ്ത്ര സമൂഹത്തിൽ അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പങ്കാളിത്തം വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജീവശാസ്ത്രത്തിൽ ഭാവി നേതാക്കളുടെ തയാറെടുപ്പിനും ശാക്തീകരണത്തിനും മികച്ച സംഭാവനയാണ് ജീവശാസ്ത്ര ഒളിമ്പ്യാഡ് നൽകുന്നത്.
അൽ ഐൻ യൂനിവേഴ്സിറ്റിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കെയർ ആൻഡ് കപ്പാസിറ്റി ബിൽഡിങ് സെക്ടർ അസി. അണ്ടർ സെക്രട്ടറിയും 34ാമത് ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിന്റെ പ്രസിഡന്റുമായ ഡോ. അംന അൽ ദഹക് അൽ ശംസി, യു.എ.ഇ യൂനിവേഴ്സിറ്റി സയന്റിഫിക് റിസർച്ച് അസോസിയേറ്റ് ഡെപ്യൂട്ടി ഡോ. അഹമ്മദ് അലി മുറാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

