34 ദേശീയ സംരംഭങ്ങൾ; ഊർജ കാര്യക്ഷമതക്ക് വിപുലമായ പദ്ധതി
text_fieldsഅബൂദബി: ഊർജ കാര്യക്ഷമതക്കായി 2050 വരെ നീളുന്ന ദീർഘകാല ദേശീയ പദ്ധതി പ്രഖ്യാപിച്ച് ഊർജ, അടിസ്ഥാന വികസന മന്ത്രാലയം. രാജ്യത്തെ വിവിധങ്ങളായ വിഭവങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 34 ദേശീയ സംരംഭങ്ങൾ നടപ്പിലാക്കും. അഞ്ച് സാങ്കേതിക വിദ്യ സമിതികളും രൂപവത്കരിക്കും.
പ്രധാന മേഖലകളിലുടനീളം പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനാണ് അഞ്ച് സാങ്കേതിക വിദ്യ സമിതികൾ. ഊർജ, ജല ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിന് ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അധ്യക്ഷനായ ദേശീയ സമിതിയേയും പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ചിട്ടുണ്ട്.
28 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 30 പ്രതിനിധികൾ ഉൾകൊള്ളുന്നതാണ് ഈ സമിതി. പരിസ്ഥിതി, ഗതാഗതം, വ്യവസായം, കാർഷിക മേഖലകളെ ലക്ഷ്യമിട്ട് അഞ്ചു വർഷകാലയളവിൽ നടപ്പിലാക്കേണ്ട 16 സംരംഭങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ദീർഘകാല സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്ഥാപനപരമായ സഹകരണവും സാങ്കേതികപരമായ ഭരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം ഏകോപിതമായ ദേശീയ പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമായ ജല, ഊർജ ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന രൂപത്തിലാണ് പദ്ധതിയുടെ രൂപകൽപനയെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

