ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസം നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങൾ 30.4 കോടി യാത്രക്കാർ ഉപയോഗിച്ചെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈ മെട്രോ, ദുബൈ ട്രാം, ബസ് സർവിസുകൾ, അബ്രകളും ഫെറികളുമടങ്ങുന്ന സമുദ്ര ഗതാഗത സംവിധാനങ്ങൾ, ബസ് ഓൺ ഡിമാൻഡ്, ദുബൈ ടാക്സിയും മറ്റു ഫ്രാഞ്ചൈസി കമ്പനികളുടെ ടാക്സികളും, സ്മാർട് കാർ സേവനം എന്നിവയാണ് ഇത്രയും യാത്രക്കാർ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വർഷം ശരാശരി ദിനേന യാത്രക്കാരുടെ എണ്ണം 11 ലക്ഷമായിരുന്നെങ്കിൽ ഇത്തവണ 16 ലക്ഷമായി ഇത് വർധിച്ചു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ യാത്രക്കാർ കുറവായിരുന്നു. എന്നാൽ, കോവിഡിന് മുമ്പത്തെ 2019ലെ കണക്കുകൾ പ്രകാരവും ഈ വർഷം യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
ദുബൈ മെട്രോയും ടാക്സിയുമാണ് ഏറ്റവും യാത്രക്കാരെ ആകർഷിച്ചത്. ആകെ യാത്രക്കാരിൽ 36 ശതമാനം മെട്രോയെ ഉപയോഗപ്പെടുത്തിയപ്പോൾ 29 ശതമാനം ടാക്സികളെ തിരഞ്ഞെടുത്തു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് മാർച്ചിലായിരുന്നു. 6.2 കോടി യാത്രക്കാരാണ് മാർച്ചിൽ മാത്രം പൊതുഗതാഗതം ഉപയോഗിച്ചതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.ദുബൈ മെട്രോയിലെ ചുവപ്പും പച്ചയും ലൈനുകളിലൂടെ 10.9 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ബുർജുമാൻ, യൂനിയൻ സ്റ്റേഷനുകളാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സംഭാവന ചെയ്തത്. ബുർജുമാൻ സ്റ്റേഷൻ വഴി 62 ലക്ഷം യാത്രക്കാരെത്തിയപ്പോൾ യൂനിയൻ വഴി 53 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്.എമിറേറ്റിലെ ജനങ്ങൾക്ക് വ്യത്യസ്തമായ ഗതാഗത സേവനങ്ങൾ നൽകുന്നതിന് ആർ.ടി.എ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

