ഡ്രൈവിങ് ലൈസൻസ്: നേത്രപരിശോധന കേന്ദ്രങ്ങളിൽ 30 ശതമാനം വർധന
text_fieldsദുബൈ: ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നേത്രപരിശോധനാ സേവനങ്ങളിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 30 ശതമാനം വർധന രേഖപ്പെടുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഈ കാലയളവിൽ 100 പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിച്ചതോടെ, എമിറേറ്റിലുടനീളമുള്ള അംഗീകൃത കേന്ദ്രങ്ങളുടെ എണ്ണം 434 ആയി ഉയർന്നു.
2025ൽ ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്തിയ ആകെ നേത്രപരിശോധനകൾ 9,40,728 ആയിരുന്നെങ്കിൽ, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 8,54,213 പരിശോധനകൾ പൂർത്തിയായിട്ടുണ്ട്.
കുറഞ്ഞ സമയം
ദുബൈയിൽ ലൈസൻസ് നടപടികൾക്കായി നടത്തുന്ന കണ്ണ് പരിശോധനകൾ വളരെ കൃത്യതയോടും കാര്യക്ഷമതയോടും കൂടിയാണ് പൂർത്തിയാക്കുന്നത്. പരിശോധനാ ഫലങ്ങൾ ആർ.ടി.എയുടെ ഡിജിറ്റൽ സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇടപാടുകാരുടെ സമയവും അധ്വാനവും ലാഭിക്കാൻ ഇതുവഴി സാധിക്കുന്നു. ശരാശരി അഞ്ചുമുതൽ 10 മിനിറ്റിനുള്ളിൽ ഒരു പരിശോധന പൂർത്തിയാക്കാൻ കഴിയും.
എളുപ്പമുള്ള നടപടിക്രമങ്ങൾ
ആർ.ടി.എ അംഗീകാരമുള്ള ഏത് ഒപ്റ്റിക്കൽ സെന്ററിലോ നേത്രചികിത്സാ ക്ലിനിക്കിലോ ഉപഭോക്താക്കൾക്ക് പരിശോധന നടത്താം. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതികവിദ്യകളും വിദഗ്ധരായ മെഡിക്കൽ പ്രൊഫഷനലുകളുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഒരൊറ്റ സന്ദർശനത്തിലൂടെ തന്നെ കണ്ണ് പരിശോധന പൂർത്തിയാക്കി ലൈസൻസ് പുതുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കൂടാതെ, ഡിജിറ്റൽ ലൈസൻസ് നേരിട്ട് സ്മാർട്ട്‌ഫോണിലെ ഡിജിറ്റൽ വാലറ്റിലേക്ക് ചേർക്കാനും സൗകര്യമുണ്ട്. പ്രിന്റ് ചെയ്ത പകർപ്പ് ആവശ്യമുണ്ടെങ്കിൽ മാത്രം അത് എടുത്താൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

