ദുബൈയിൽ 30 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നു
text_fieldsനഗരത്തിലെ മൂന്ന് പ്രധാന ഭാഗങ്ങളിൽ സർവിസ് നടത്തും
ദുബൈ: ഡീസൽ ബസുകൾ കുറക്കുന്ന പദ്ധതിയുടെ ഭാഗമായി ദുബൈയിൽ 30 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നു.
ബിസിനസ് ബേ, അൽ വസ്ൽ റോഡ്, ദുബൈ മാൾ എന്നിവിടങ്ങളിലായാണ് ഈ ബസുകൾ സർവിസ് നടത്തുകയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പൊതുഗതാഗത രംഗത്തെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കി പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
അതേസമയം ഇ-ബസുകളുടെ നിരക്കും എപ്പോഴാണ് സർവിസ് ആരംഭിക്കുകയെന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലാ മെറിൽനിന്ന് അൽ സുഫൂഹിലേക്കുള്ള റൂട്ടിൽ ആർ.ടി.എ ഇലക്ട്രിക് ബസ് ട്രയൽ സർവിസ് ആരംഭിച്ചിരുന്നു. ഈ സർവിസ് യാത്രക്കാർക്ക് സൗജന്യമായിരുന്നു. സാധാരണ ബസ് ഉപയോഗിക്കുന്ന യാത്രക്കാർ നോൽ കാർഡ് ടാപ്പ് ചെയ്യുകയാണ് വേണ്ടത്.
എന്നാൽ ഇ-ബസ് ട്രയൽ കാലയളവിൽ യാത്രക്കാരിൽനിന്ന് നിരക്ക് ഈടാക്കിയിരുന്നില്ല. ലാ മർ സൗത്ത്, റാശിദ് ബിൻ ബഖൈത് മസ്ജിദ്, മജ്ലിസ് അൽ ഗറീഫ, ഉമ്മു സുഖൈം 1, ഉമ്മു സുഖൈം പാർക്ക്, വൈൽഡ് വാദി, മെർക്കാറ്റോ മാൾ, ബുർജ് അൽ അറബ്, അൽ സുഫൂഹ് ട്രാം സ്റ്റേഷൻ, ദുബൈ ഓഫ്ഷോർ സെയിലിങ് ക്ലബ് എന്നീ സ്ഥലങ്ങൾ ഇലക്ട്രിക് ബസ് റൂട്ടിൽ ഉൾപ്പെടും.
ഡീസൽ എൻജിൻ വാഹനങ്ങൾ പൂർണമായും ഘട്ടംഘട്ടമായി പരിസ്ഥിതി സൗഹൃദ സംവിധാനമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ അബൂദബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നുണ്ട്.
ദുബൈ നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികളടക്കമുള്ള സംവിധാനങ്ങളും പരീക്ഷണഘട്ടം പിന്നിട്ടിട്ടുണ്ട്.
ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ.ടി.എ ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്സികൾ പരീക്ഷണത്തിനായി റോഡിലിറക്കിയത്.
2030ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനമാക്കണമെന്ന ദുബൈ ഭരണാധികാരി മുന്നോട്ടുവെച്ച ലക്ഷ്യം കൈവരിക്കാനാണ് ഈ മേഖലയിൽ പരീക്ഷണം സജീവമായി പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

