30 ദിവസം, 13 രാജ്യങ്ങൾ; ദുബൈയിൽനിന്ന് യൂറോപ്പിലേക്ക് കാറിൽ മലയാളി ദമ്പതികളുടെ സഞ്ചാരം
text_fieldsജമീൽ മുഹമ്മദും ഭാര്യ നിഷ ജമീലും
ദുബൈ: 30 ദിവസം കൊണ്ട് റോഡുമാർഗം 13 രാജ്യങ്ങൾ താണ്ടി മലയാളി ദമ്പതികളുടെ ലോകസഞ്ചാരം. ദുബൈയിൽ നിന്ന് ഈസ്റ്റേൺ യൂറോപ്പടക്കമാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ജമീൽ മുഹമ്മദും ഭാര്യ നിഷ ജമീലും യാത്രനടത്തിയത്. ലാൻഡ് ക്രൂയിസറിൽ ഒരുമാസംകൊണ്ട് 8800 കിലോമീറ്ററാണ് ഇവർ യാത്ര ചെയ്തത്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാർ ഈസ്റ്റ്, മഗ്‌രിബ് രാജ്യങ്ങൾ ഉൾപ്പെടെ ഇതിനകം 65 രാജ്യങ്ങൾ സന്ദർശിച്ച ജമീലും നിഷയും ലോക സഞ്ചാരം ഇഷ്ട വിനോദമായിക്കാണുന്നവരാണ്. ആദ്യമായാണ് ദുബൈ രജിസ്‌ട്രേഷൻ വാഹനത്തിൽ മുഴുസമയം ഡ്രൈവ് ചെയ്ത് പൂർണമായും റോഡുമാർഗം യാത്ര പോകുന്നത്.
ദുബൈയിൽ നിന്ന് ഇറാൻ വഴി, തുർക്കി, ബൾഗേറിയ, സെർബിയ, റുമേനിയ, ഹംഗറി,സ്ലോവാക്യ, ചെച്നിയ, പോളണ്ട്, ലാത്‍വിയ, ലിത്വേനിയ, എസ്തോണിയ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. വിവിധ സംസ്കാരങ്ങൾ, ജീവിത രീതികൾ, വികസന പ്രവർത്തനങ്ങൾ, പ്രകൃതി ഭംഗി, അതിർത്തികൾ, വ്യത്യസ്‍തമായ നിയമങ്ങൾ, ജനങ്ങളുടെ ജീവിത വീക്ഷണങ്ങൾ, തൊഴിൽ സംരംഭങ്ങൾ, മ്യൂസിയങ്ങൾ, ആരാധനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെല്ലാം നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചതായി ഇരുവരും പറഞ്ഞു.
'യാത്രയിൽ ഓരോ രാജ്യത്തിന്‍റെയും തലസ്ഥാന നഗരിയിൽ പ്രവേശിക്കുക എന്ന സ്വപ്നവും സാക്ഷാത്കരിച്ചു. ഇറാനിൽ ഡ്രൈവ് ചെയ്യാൻ പ്രയാസമായിരിക്കും എന്ന് കരുതി ഒട്ടേറെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പക്ഷേ, എല്ലാ ധാരണകളും തിരുത്തി, അതിമനോഹരമായ റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇറാനിൽ വരവേറ്റത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലൂടെയും ഇസ്തംബൂളിലൂടെയും സഞ്ചരിച്ചാണ് ബൾഗേറിയയിൽ പ്രവേശിച്ചത്. ബൾഗേറിയയുടെ തലസ്ഥാന നഗരിയിൽ ചിതൽ പുറ്റുകളിൽ മനുഷ്യർ താമസിച്ചിരുന്ന പ്രദേശങ്ങൾ കാണാൻ കഴിഞ്ഞു.
തലസ്ഥാനമായ സോഫിയ വഴിയാണ് സെർബിയയിൽ എത്തിയത്. സെർബിയക്കാർ ഇംഗ്ലീഷ് സംസാരിക്കില്ല എന്നതിനാൽ പൊലീസ് സ്റ്റേഷനിലടക്കം പരിഭാഷകനെ വെക്കേണ്ടി വന്നു. റുമേനിയൻ അതിർത്തിയിൽ യുക്രെയ്നിൽ നിന്നുള്ള അഭയാർഥികളുടെ പ്രവാഹമായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ മരണപ്പെട്ട എഴുപതിനായിരം പേരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിർമിച്ച ബോൺ ചർച്ച് പ്രാഗിലെ പ്രധാന കാഴ്ചയാണ്.
ബാൾട്ടിക് സമുദ്ര തീരത്തിലൂടെ നീണ്ട ഡ്രൈവ് പ്രത്യേക അനുഭവമാണ്.' 2014 മുതലുള്ള സ്വപ്നമായിരുന്നു ദുബൈ രജിസ്‌ട്രേഷൻ വാഹനത്തിൽ ദീർഘസഞ്ചാരം നടത്തുക എന്നത്. അത് സാക്ഷാത്കരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ജമീലും നിഷയും. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് ഫസ്റ്റ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ജമീൽ. ദുബൈയിൽ പ്ലസ് ടു വിദ്യാർഥിനിയായ ഖദീജ ഹനാൻ ജമീൽ, ഏഴാം ക്ലാസ് വിദ്യാർഥിനി ഐഷ ദനീൻ ജമീൽ എന്നിവർ മക്കളാണ്.