വേൾഡ് ട്രേഡ് സെന്‍റർ സന്ദർശിച്ചത് 30 ലക്ഷം പേർ
text_fieldsദുബൈ വേൾഡ് ട്രേഡ് സെന്‍റർ
ദുബൈ: പോയ വർഷം ദുബൈ വേൾഡ് ട്രേഡ് സെന്‍റർ (ഡി.ഡബ്ല്യു.ടി.സി) സ്വീകരിച്ചത് 30 ലക്ഷം സന്ദർശകരെ. 2024ലിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം വിവിധ പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, ബിസിനസ്, ഉപഭോക്തൃ പരിപാടികൾ എന്നിവയിലായി 401 ഇവന്‍റുകൾക്കാണ് വേൾഡ് ട്രേഡ് സെന്‍റർ വേദിയായത്.
തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഇവന്‍റുകളുടെ എണ്ണത്തിൽ ആറു ശതമാനമാണ് വർധന. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 43 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 134 മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവയിലായി 21 ലക്ഷത്തിലധികം പേർ പങ്കാളികളായിരുന്നു. ഇതിൽ ഏതാണ്ട് 951,000 പേർ വിദേശത്തു നിന്നുള്ളവരാണ്. എട്ട് ശതമാനമാണ് വർധന.
63,000ത്തിലധികം കമ്പനികളാണ് എക്സിബിഷനിൽ പങ്കെടുത്തത്. ഇതിൽ 78 ശതമാനവും അന്താരാഷ്ട്ര കമ്പനികളാണ്. ജൈറ്റക്സ് ഗ്ലോബൽ, ഗൾഫുഡ് മാനുഫാക്ചറിങ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ആരോഗ്യ, മെഡിക്കൽ ഇവന്‍റുകളിലായി 4.3 ലക്ഷം സന്ദർശകരെ ആകർഷിക്കാനും കഴിഞ്ഞു.
ഭക്ഷ്യ, പാനീയ എക്സിബിഷനുകളിൽ പങ്കെടുത്തത് 2.80 ലക്ഷം പേരാണ്. 2026 ഫെബ്രുവരി 28 മുതൽ ആരംഭിച്ച മാന്ദ്യത്തിന് മുമ്പുള്ള ടൂറിസം പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് 2025ലെ കണക്കുകൾ എന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

