മൂന്നു പെണ്ണുങ്ങൾ മാത്രം പോയൊരു തുർക്കി യാത്ര
text_fields1. കപ്പഡോക്കിയ 2. ഷബ്നയും ഉമൈറയും സാബിറയും (ഏറ്റവും പിന്നിൽ)
ഉള്ളാലേ തീവ്രമായി ആഗ്രഹിച്ചാൽ എന്തും, എത്ര വൈകിയാണെങ്കിലും നമ്മെ തേടി വരുമെന്ന തിരിച്ചറിവായിരുന്നു ആ തുർക്കി യാത്ര. മൂന്നു പെണ്ണുങ്ങൾ മാത്രം പോയൊരു യാത്ര. ഞാനും ഷബ്നയും ഉമൈറയും. പുസ്തകങ്ങളിലും യൂട്യൂബിലും സിനിമയിലും കണ്ട തുർക്കിയല്ല നേരിൽ കാണുമ്പോൾ. പിന്നെയും പിന്നെയും വിസ്മയിപ്പിക്കും ആ നാട്. തണുപ്പ് മാറി ഉണർവിന്‍റെ കാലത്തിലായിരുന്നു പ്രകൃതി. വിവിധ വർണ്ണങ്ങളിൽ പൂക്കളും ഇലകളും മരങ്ങളും. എങ്ങും കണ്ണെടുക്കാൻ തോന്നാത്തത്ര മനോഹര കാഴ്ചകൾ. ഇറങ്ങിയത് ഇസ്തംബൂളിൽ ആയിരുന്നെങ്കിലും കാഴ്ചകൾ കണ്ടുതുടങ്ങിയത് അങ്കാറയിൽ നിന്നാണ്. തലസ്ഥാന നഗരിയുടെ പ്രൗഢിയും തലയെടുപ്പുമുള്ള അങ്കാറ. ഏറ്റവും പഴക്കം ചെന്ന പള്ളിയും മുസ്തഫ കമാൽ അറ്റാതുർക്കിന്‍റെ ഖബറിടവും ചില മാളുകളും കണ്ട് കപ്പഡോക്കിയയിലേക്ക്.
അവിടെ കല്ലിൽ പ്രകൃതിയുടെ പലതരം രൂപകല്പനകൾ. അവയിൽ കൊത്തിയുണ്ടാക്കിയ ഗുഹ വീടുകൾ (ഇപ്പോളവ കൂടുതലും ഹോട്ടലുകൾ ആണ്). ഭൂമിക്കടിയിൽ തീർത്ത ഒരു നഗരം തന്നെ അവിടെയുണ്ട്. ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ശ്വാസമെടുക്കാൻ പോലും കഴിയാതെയായി. പ്രാവുകളുടെ താഴ്‌വരയും ഓപ്പൺ എയർ മ്യുസിയവും കണ്ട് രണ്ടുനാൾ ഗുഹാ ഹോട്ടലിലും താമസിച്ച ശേഷം പോയത് കൊനിയ യിലേക്കായിരുന്നു. ജലാലുദ്ദീൻ റൂമിയുടെ നാട്. റൂമിയുടെ മഖ്ബറ അതിന്‍റെ എല്ലാ ഭംഗിയോടെയും സൂക്ഷിച്ചിരിക്കുന്നു. സൂഫി നൃത്തത്തിന്‍റെ മൃദുവായ ചലനങ്ങളും നേരിയ സംഗീതവും നിറങ്ങളുടെ മാറ്റവും മറ്റേതോ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി.
പാമുക്കാലെ ആയിരുന്നു അടുത്ത ആകർഷണം. യു എന്നിന്‍റെ പൈതൃക പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രകൃതി വിസ്മയം. മഞ്ഞുറഞ്ഞ് കിടക്കുന്നതായി കാഴ്ചയിൽ തോന്നുമെങ്കിലും കാൽസ്യം അടിഞ്ഞുകൂടി രൂപപ്പെട്ട തിട്ടകളാണ് അവ. ചൂടു നീരുറവകളും വെളുത്ത തടാകങ്ങളും നിറഞ്ഞ പാമുക്കാലെയിൽ തന്നെയാണ് രാജ്ഞി ക്ലിയോപാട്ര കുളിച്ച കുളവും റോമൻ ഗ്രീക്ക് സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ മനോഹരമായി സൂക്ഷിക്കുന്ന ഹോളി സിറ്റിയും. ഗ്രീക്ക് കാലത്ത് പണിതതാണ് എന്ന് പറയപ്പെടുന്ന അംഫി തിയേറ്റർ, അന്നത്തെ എന്‍റജിനീയറിങ് മികവ് വിളിച്ച് പറയുന്നുണ്ട്. തുർക്കിയുടെ വെന്നീസ് എന്നറിയപ്പെടുന്ന എസ്കിശഹ്റിലേക്കാണ് പിന്നീട് പോയത്. കനാലുകളും യാത്രാബോട്ടുകളും ഒക്കെ കാരണം ആവാം അങ്ങനെ പേരുവന്നത്. ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ തലവൻ ഉസ്മാൻ ഗാസിയുടെ മഖ്ബറ കാണുമ്പോൾ പ്രസിദ്ധ തുർക്കിഷ് ടി.വി സീരിയലായ 'എർതുറുൽ' ഓർത്തു.
പിറ്റേന്ന് മുതൽ ഇസ്തംബൂൾ കണ്ടുതുടങ്ങി. ട്രാമിലും ബസിലും കയറി ഇറങ്ങിയുള്ള യാത്രയിൽ ആളുകളെ അടുത്തുകണ്ടു. ഹിന്ദിസ്ഥാനികൾ എന്നാണ് അവർ ഇന്ത്യക്കാരെ വിളിക്കുന്നത്. ബ്ലൂ മോസ്കിൽ നിന്നാണ് ഇസ്തംബൂൾ കണ്ടുതുടങ്ങിയത്. പണികൾ നടക്കുന്നതിനാൽ മുഴുവനായും തുറന്നിരുന്നില്ല. നീല നിറത്തിലുള്ള കൊത്തുപണികളും ടൈലുകളുമാണ് ബ്ലൂ മോസ്കിൽ. മിക്കവാറും പള്ളികളെല്ലാം ഒരേ രീതിയിൽ തന്നെയാണ് പണിതിട്ടുള്ളത്. ഉരുണ്ട മിനാരങ്ങളും ഖുബ്ബകളും നരച്ച നിറങ്ങളും ആണ് പള്ളികൾക്ക്. നീലയോട് തുർക്കികൾക്ക് ആഭിമുഖ്യം കൂടുതലാണെന്ന് യാത്രയിൽ തോന്നിയിരുന്നു. ഹാഗിയ സോഫിയ 360ാം ആണ്ടിൽ പണിത ചരിത്ര വിസ്മയമാണ്. ഹഗിയ സോഫിയ കണ്ടപ്പോൾ ഓർമ്മ വന്നത് ഡാൻ ബ്രൗൺ എഴുതിയ ഇൻഫർണോ ആയിരുന്നു.
ടോപ്പ് കാപി പാലസ് അത്ഭുതങ്ങൾക്ക് മേലെ അത്ഭുതം കൊണ്ടുവന്നു. പ്രവാചക കാലം മുതലുള്ള ചരിത്ര ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് കണ്ണുകളെ ഈറനാക്കി പലപ്പോഴും. ഗ്രാൻഡ് ബസാറിലെ തിരക്കിൽ, ടക്സിം സ്ക്വയറിലെ ആൾക്കൂട്ടത്തിൽ, ഇസ്തിക്ക്ലാൽ ആഡംബരത്തിൽ, സ്പൈസ് ബസാറിൽ സ്വയം മറന്നു ഒഴുകി നടന്നു. ഇടക്ക് ആളുകൾ ജീവിക്കാനായി പാട്ടുകൾ പാടുന്നതും സംഗീത ഉപകരണങ്ങൾ വായിക്കുന്നതും കാണാമായിരുന്നു. ഏഷ്യക്കും യൂറോപ്പിനു ഇടക്കുള്ള ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ബോട്ട് യാത്ര ത്രസിപ്പിക്കുന്നതായിരുന്നു.
പാമുക്കാലെയിലെ അംഫി തിയേറ്റർ
അദാല ഐലന്‍റ് അഥവാ പ്രിൻസസ് ഐലന്‍റ് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു. ഏകദേശം രണ്ടു മണിക്കൂർ ബോട്ട് യാത്ര ഉണ്ട് അങ്ങോട്ടു എത്തിച്ചേരാൻ. ശുദ്ധമായ പ്രകൃതി. അന്തരീക്ഷ മലിനീകരണം തീരെയില്ല. മോട്ടോർ വാഹനങ്ങൾ പോലുമില്ല. ജൈവ രീതികൾ മാത്രമാണ് കൃഷിക്ക് അവലംബിക്കുന്നത്. അബൂ അയ്യൂബിൽ അൻസാരിയുടെ (പ്രവാചകന്‍റെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബി) ഖബറിടവും ഒർഹാൻ പാമുക്കിന്‍റെ മ്യൂസിയം ഓഫ് ഇന്നസെൻസും ആണ് കാഴ്ചകളിൽ അവസാനത്തേത്. ഏതാണ്ട് എല്ലാ തുർക്കിഷ് ഭക്ഷണങ്ങളും രുചിച്ചു നോക്കി.
ഡോണർ കബാബ്, ഇസ്ക്കിന്ദർ കബാബ്, ചീ കോഫ്ത, സിമിറ്റ്, പുലാവ്, ഷക് ഷൂക്ക, ഉൽഗുർ കബാബ്, അദാന കബാബ്, ബോരേക്ക്, ദോന്ദുർമ്മ, മെനാമെൻ, കുസു, പിഡെ, ദുറും, ബക് ലാവ, കുനാഫ, ശോർബ, ലോക്കും, ഗോൽ സെമ, കുംപിൻ, സൂത് ലെച്ച്, വിവിധ തരം ചീസുകൾ, തുർക്കിഷ് ചായ അങ്ങനെ പരീക്ഷിക്കാത്ത തുർക്കി വിഭവങ്ങൾ അപൂർവാ. തുർക്കിയിലെ പ്രധാന സ്വീറ്റ് ഷോപ്പ് ആയ ഹാഫിസ് മുസ്തഫയിൽ പല തവണ കയറിയിറങ്ങി. ജീവിതത്തിലെ മനോഹരമായ രണ്ടാഴ്ചയായിരുന്നു അത്. ഇനിയും തുർക്കിയുടെ കാണാക്കാഴ്ചകളിലേക്ക് തിരികെയെത്തിക്കണമേയെന്ന് പ്രാർഥിച്ചായിരുന്നു മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

